റിയാദ്: മൂന്നാമത് സൗദി ദേശീയ കായികമേളയിൽ ബാഡ്മിന്റൺ മൽസരത്തിൽ മൂന്നാം തവണയും കിരീടം ചൂടി മലയാളി താരം ഖദീജ നിസ. വെള്ളിയാഴ്ച വൈകുന്നേരം റിയാദിൽ നടന്ന ഫൈനലിൽ ഫിലിപ്പീൻ സ്വദേശിയെ പരാജയപ്പെടുത്തിയാണ് ഖദീജ വിജയം ആവർത്തിച്ചത്. 10 ലക്ഷം റിയാലാണ് സൗദി ദേശീയ ഗെയിംസിലെ ഒന്നിലും, രണ്ടിലും ഏകപക്ഷീയ വിജയം നേടിയ ഖദീജ ഏറെ ആത്മവിശ്വാസത്തോടെയാണ് ഇത്തവണയും പോരിനിറങ്ങിയത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് സൗദിയിൽ നടന്ന അണ്ടര്‍ 19 വിഭാഗത്തില്‍ സിംഗിൾസിലും ഡബിൾസിലും സ്വര്‍ണമെഡല്‍ നേടിക്കൊണ്ടാണ് ഖദീജ നിസ ഇത്തവണ ദേശീയ ഗെയിംസിൽ മാറ്റുരക്കാൻ യോഗ്യത നേടിയത്. നാലു ഗ്രൂപ്പുകളിലായി 16 പേരാണ് ഇത്തണ സീനിയൻ സിംഗിൾസ് ബാഡ്മിന്റണിൽ പോരാടാനിറങ്ങിയത്.
ഒന്നാം തിയതി നടന്ന ക്വാർട്ടർ മൽസരത്തിൽ 2-1ന് വിജയിച്ച ഖദീജ സെമി ഫൈനൽ മൽസരത്തിൽ പാകിസ്ഥാനി താരത്തെ ഏകപക്ഷീയമായ രണ്ട് കളികളിൽ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് പ്രവേശിച്ചത്. ഫൈനലിലെ ആദ്യ കളിയിൽ ഫിലീപ്പിനി താരത്തോട് 15-21ന് പരാജയപ്പെട്ട ഖദീജ നിസ അടുത്ത രണ്ട് കളികളിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് വിജയം കൈപ്പിടിയിലാക്കിയത്. ഇത്തിഹാദ് ക്ലബ്ബിന് വേണ്ടിയാണ് ഖദീജ നിസ ഇത്തവണ കളത്തിലിറങ്ങിയത്.
റിയാദില്‍ പ്രവാസിയായ കോഴിക്കോട് കൊടുവളളി സ്വദേശി ഐ.ടി എഞ്ചിനീയര്‍ കൂടത്തിങ്ങല്‍ അബ്ദുല്ലത്തീഫ്, ഷാനിത ലത്തീഫ് ദമ്പതികളുടെ മകളാണ് ഖദീജ നിസ. റിയാദ് ന്യൂ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിൽ പ്ലസ്ടൂ കഴിഞ്ഞു കോഴിക്കോട് ദേവഗിരി കോളജിൽ സ്പോർട്സ് മാനേജ്‌മെന്റ് ഒന്നാം വർഷ ബിരുദ വിദ്യാര്‍ഥിനിയാണ്. സൗദിയിൽ ജനിച്ചു വളർന്ന ഖദീജ നിസ സൗദിയുടെ മാറ്റങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തി വിജയം കൊയ്ത കായിക താരമാണ്. സൗദിയുടെ കായിക മേഖലകളിലേക്ക് പെൺ സാന്നിധ്യം എത്തിത്തുടങ്ങിയ ആദ്യ സമയങ്ങളിൽ തന്നെ തന്റെ സാന്നിധ്യമുറപ്പിക്കാൻ ഈ പെൺകുട്ടിക്കായി.
സൗദി അറേബ്യക്ക് വേണ്ടി നിരവധി നേട്ടങ്ങൾ കൊയ്ത ഖദീജ നിസക്ക് സൗദി അധികൃതരും പ്രത്യേക പരിഗണന നൽകിയിരുന്നു. ഇത്തവണ ഏറെ പരിചയസമ്പന്നരോട് ഏറ്റുമുട്ടുന്നതിൽ ഏറെ ആശങ്ക ഉണ്ടായിരുന്നെങ്കിലും എതിരാളി ആരെന്ന് നോക്കാതെ കളിയിൽ മാത്രം ശ്രദ്ധിച്ചതാണ് തനിക്ക് വിജയം ആവർത്തിക്കാൻ സഹായകമായതെന്ന് ഖദീജ പറഞ്ഞു