കുന്ദമംഗലം:മാലിന്യ മുക്ത നവ കേരളം എന്ന ലക്ഷ്യം മുൻനിർത്തി ഒക്ടോബർ 2 ഗാന്ധിജയന്തി മുതൽ 2025 മാർച്ച് 30 അന്താരാഷ്ട്ര സിറോ വേസ്റ്റ് ദിനം വരെ നീണ്ടു നിൽക്കുന്ന മാലിന്യ മുക്ത ക്യാമ്പയിൻ ഈസ്റ്റ് പയമ്പ്രയിലെ വിവിധ ഭാഗങ്ങളിൽ തുടക്കമായി.
പയമ്പ്ര ഈസ്റ്റ് റെസിഡന്റ്സ് അസോസിയേഷൻ, കിഴക്കാൾ കടവ് റെസിഡന്റ്സ് അസോസിയേഷൻ, ശുചിത്വ സമിതി, പണ്ടാര പറമ്പ് പുഴയോര സംരക്ഷണ സമിതി, കുടുംബ ശ്രീ അയൽക്കൂട്ടങ്ങൾ, വിവിധ ക്ലബ്ബുകൾ, ജനശ്രീ സംഘങ്ങൾ, അരുണോദയം വായനശാല, അങ്കണ വാടികൾ, സ്വയം സഹായ സംഘങ്ങൾ എന്നിവ രംഗത്തിറങ്ങി വീടും പരിസരവും, പൊതു സ്ഥലങ്ങളും റോഡും അഴുക്ക് ചാലുകളും, പുഴയോരവും ശുചീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. മാർച്ച് 30ന് ശുചീകരണം പൂർത്തിയാക്കും. ഇതിനായി വാർഡ് മെമ്പർ ശശികലയുടെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.