ഗ്വാളിയര്‍: ഇന്ത്യ-ബംഗ്ലാദേശ് ടി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് ഗ്വാളിയറില്‍ തുടക്കം. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീം യുവനിരയ്ക്ക് ആണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഒരാഴ്ച മുന്‍പ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ബംഗ്ലാദേശിനെ 2-0ന്് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്ന് കളിക്കളത്തില്‍ ഇറങ്ങുന്നത്. പരമ്പരയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ മൂന്ന് മത്സരങ്ങള്‍ കളിക്കും.
ടെസ്റ്റ് ടീമിലെ പ്രധാന കളിക്കാരെ ഉള്‍പ്പെടുത്തിയാണ് ബംഗ്ലാദേശ് വരുന്നത്. ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച മായങ്ക് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവര്‍ ഇതുവരെ അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല. വിക്കറ്റ് കീപ്പര്‍മാരായി മലയാളിയായ സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവര്‍ ടീമിലുണ്ടെങ്കിലും സഞ്ജുവിന് മുന്‍ഗണന കിട്ടും. അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു ഓപ്പണറായി ഇറങ്ങാനും സാധ്യതയുണ്ട്. തുടര്‍ന്ന് സൂര്യകുമാര്‍ യാദവ്, റിയാന്‍ പരാഗ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരുണ്ടാകും. ഫിനിഷര്‍ റോളില്‍ റിങ്കുസിങ്ങുമുണ്ട്.
ഐപിഎല്ലില്‍ തുടര്‍ച്ചയായ അതിവേഗ പന്തുകള്‍ എറിഞ്ഞ് ശ്രദ്ധനേടിയ പേസര്‍ മായങ്ക് യാദവ് അരങ്ങേറ്റംകുറിച്ചേക്കും. പരിചയസമ്പന്നനായ ഇടംകൈ പേസര്‍ അര്‍ഷ്ദീപ് സിങ്ങും കൂടെയുണ്ടാകും. സ്പിന്നര്‍മാരായി രവി ബിഷ്ണോയ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരായിരിക്കും ഇറങ്ങുക. ഗ്വാളിയറിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. അതുകൊണ്ടുതന്നെ പിച്ചിനെക്കുറിച്ച് ടീമുകള്‍ക്ക് മുന്‍വിധിയില്ല.