ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യയ്ക്ക്. രണ്ടാം മത്സരത്തിൽ 86 റൺസിന്റെ ആധികാരിക വിജയത്തോടെയാണ് ഇന്ത്യ പരമ്പര വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. മറുപടി പറഞ്ഞ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസിലെത്താനേ സാധിച്ചുള്ളു.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പവർപ്ലേയിൽ ബംഗ്ലാദേശ് ബൗളർമാർ നന്നായി പന്തെറിഞ്ഞു. 45 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. സഞ്ജു സാംസൺ 10, അഭിഷേക് ശർമ 15, സൂര്യകുമാർ യാദവ് എട്ട് എന്നിങ്ങനെയായിരുന്നു സ്കോറിങ്.
നാലാം വിക്കറ്റിൽ നിതീഷ് കുമാർ റെഡ്ഡിയും റിങ്കു സിങ്ങും ഒന്നിച്ചതോടെയാണ് ഇന്ത്യൻ സ്കോറിങ്ങ് മുന്നോട്ടുകുതിച്ചത്. 34 പന്തിൽ നാല് ഫോറും ഏഴ് സിക്സും സഹിതം നിതീഷ് 74 റൺസെടുത്തു. 29 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം 53 റൺസാണ് റിങ്കുവിന്റെ സംഭാവന. ഇരുവരും ചേർന്ന നാലാം വിക്കറ്റിൽ 108 റൺസ് കൂട്ടിച്ചേർത്തു. 19 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സും സഹിതം 32 റൺസെടുത്ത് ഹാർദിക് പാണ്ഡ്യയും ഇന്ത്യൻ സ്കോറിങ്ങിൽ നിർണായക സംഭാവന നൽകി.
മറുപടി പറഞ്ഞ ബംഗ്ലാദേശ് നിരയിൽ മഹ്മൂദുള്ളയ്ക്ക് മാത്രമാണ് തിളങ്ങാനായത്. 39 പന്തിൽ മൂന്ന് സിക്സുകൾ സഹിതം 41 റൺസ് താരം അടിച്ചെടുത്തു. ഇന്ത്യൻ നിരയിൽ പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് നേടി. വരുൺ ചക്രവർത്തിയും നിതീഷ് കുമാർ റെഡ്ഡിയും രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. അർഷ്ദീപ് സിങ്, വാഷിങ്ടൺ സുന്ദർ, അഭിഷേക് ശർമ, മായങ് യാദവ്, റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.