തിരുവനനന്തപുരം:മദ്യ ലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സിനിമ നടന്‍ ബൈജു വിനെതിരെ പോലീസ് കേസെടുത്തു. അമിത വേഗതയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചിരുന്നു. യാത്രക്കാരന് കാര്യമായ പരിക്കില്ല.
ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവമുണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനക്ക് രക്ത സാമ്പിള്‍ കൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറയില്ലെന്നും ഡോക്ടര്‍ പോലീസിന് മെഡിക്കല്‍ റിപ്പോര്‍ട്ട് എഴുതി നല്‍കി. മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തു.
സംഭവ സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാനും ബൈജു ശ്രമിച്ചു. തുടര്‍ന്ന് രാത്രി ഒരു മണിയോടെ ബൈജുവിനെ സ്റ്റേഷന് ജാമ്യത്തില് വിട്ടയച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ വലതു ടയര്‍ പഞ്ചറായി. അതിനാല്‍ ടയര്‍ മാറ്റി ഇട്ട് സ്റ്റേഷനിലേക്ക് കൊണ്ടു വരാന്‍ ബൈജുവിന്റെ ഡ്രൈവറെ പൊലീസ് വിളിച്ചു വരുത്തി. പിന്നാലെ ബൈജുവും അപകടം നടന്ന സ്ഥലത്തെത്തി. പോലീസ് കാര്‍ മാറ്റാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ക്യാമാറാമാനെയാണ് കൈയേറ്റം ചെയ്യാന്‍ ബൈജു ശ്രമിച്ചത്.