ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം. ദീപാവലിക്ക് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ) മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി വര്‍ധിക്കും. നിലവില്‍ ഇത് 50 ശതമാനമാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഒരു കോടിയിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസകരമാകുന്ന തീരുമാനമാണിത്.
പണപ്പെരുപ്പം മൂലം ജീവിതച്ചെലവിലുണ്ടാകുന്ന വര്‍ധനവ് നേരിടാന്‍ ജീവനക്കാരെ സഹായിക്കുന്നതാണ് ക്ഷാമബത്ത. ഇതിനു മുമ്പ് ക്ഷാമബത്ത വര്‍ധിപ്പിച്ചത് മാര്‍ച്ചിലാണ്. അന്ന് നാലു ശതമാനം വര്‍ധനവ് വരുത്തിയതോടെയാണ് ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായത്.