ഉപയോഗിക്കുന്ന ടാൽകം പൗഡറുകൾ സുരക്ഷിതമോ..? ഭയപ്പെടുത്തുന്ന ഒരു വാർത്തയാണ് അമേരിക്കയിൽ നിന്ന് മൂന്ന് വർഷം മുമ്പ് പുറത്ത് വന്നത്.കുട്ടികൾക്ക് വേണ്ടി ടാൽകം പൗഡർ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ജോൺസൺ ആൻഡ് ജോൺസൺ ഉപയോഗിച്ചതിൻ്റെ ഫലമായി ക്യാൻസർ ബാധിച്ചെന്ന പരാതിയുമായി ഒരു വ്യക്തി 2021ൽ രംഗത്തെത്തിയിരുന്നു.
ഇപ്പോൾ ആ പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് യുഎസ് കോടതി. 124 കോടി രൂപ നഷ്ടപരിഹാരമായി നൽകാനാണ് വിധി.ജോൺസൺ ആൻഡ് ജോൺസൺ ടാൽകം പൗഡർ ഉപയോഗിച്ചതിനെത്തുടർന്ന് അപൂർവമായ അർബുദമായ മെസോതെലിയോമ തനിക്ക് ബാധിച്ചുവെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.
വർഷങ്ങളായി താൻ ഉപയോഗിച്ചിരുന്ന ജോൺസൺ ആൻഡ് ജോൺസന്റെ ബേബി പൗഡർ ശ്വസിച്ചാണ് തനിക്ക് അസുഖം വന്നതെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചു. ശരീരത്തിന് ഹാനികരമായ ആസ്ബറ്റോസിന്റെ സാന്നിധ്യമാണ് മെസോതെലിയോമ എന്ന അർബുദത്തിന് കാരണമാകുന്നത്.
ശ്വാസകോശത്തിന്റെയും മറ്റ അവയവങ്ങളുടെയും പാളിയെ ബാധിക്കുന്ന തരത്തിലുള്ളതാണ് ഈ അർബുദം. ആസ്ബറ്റോസ് അടങ്ങിയ ഒരു ഉൽപ്പന്നം അറിഞ്ഞുകൊണ്ട് വിറ്റതിന് ജോൺസൺ ആൻഡ് ജോൺസണെ ശിക്ഷിച്ചതിൽ സന്തോഷമുണ്ടെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു.
നഷ്ടപരിഹാരമായി 124 കോടി രൂപ നൽകുന്നതിന് പുറമേ കമ്പനിയുടെ മേൽ ശിക്ഷാനടപടികൾ ചുമത്താനും കോടതി ശുപാർശ ചെയ്‌തിട്ടുണ്ട്. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് കമ്പനി അറിയിച്ചു.
തങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നും ജോൺസൺ ആൻഡ് ജോൺസൺ വ്യക്തമാക്കി. അതേ സമയം ജോൺസൺ ആൻഡ് ജോൺസൺ നേരിടുന്ന നിരവധി നിയമ പോരാട്ടങ്ങളിൽ ഒന്ന് മാത്രമാണ് ഈ കേസ്.
അണ്ഡാശയ കാൻസറിനും മറ്റ് ഗൈനക്കോളജിക്കൽ ക്യാൻസറിനും കാരണമായെന്ന് ആരോപിക്കുന്ന 62,000-ത്തിലധികം പരാതികളാണ് ജോൺസൺ ആൻഡ് ജോൺസൺ നേരിടുന്നത്.