റിയാദ്- സൗദിയിൽ ആറു മാസം മുമ്പ് പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ആനുകൂല്യം ആറുമാസത്തേക്ക് കൂടി ദീർഘിപ്പിച്ചതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പിഴയിളവ് കാലയളവ് ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ് 2025 ഏപ്രിൽ 18 വരെ ദീർഘിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചത്. ഉന്നത ഭരണനേതൃത്വത്തിൻ്റെ നിർദേശത്തെ തുടർന്നാണ് ആറു മാസം കൂടി സാവകാശം അനുവദിക്കുന്നത്. 2024 ഏപ്രിൽ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളിലാണ് 50 ശതമാനം ഇളവ് അനുവദിക്കുന്നത്. മുഴുവൻ പിഴകളും ഒന്നിച്ചോ ഓരോ നിയമ ലംഘനങ്ങൾക്കുമുള്ള പിഴകൾ പ്രത്യേകം പ്രത്യേകമായോ അടക്കാവുന്നതാണ്. ഇളവ് ആനുകൂല്യം
ലഭിക്കാൻ പൊതുസുരക്ഷയെ
ബാധിക്കുന്ന ഗുരുതരമായ നിയമ ലംഘനങ്ങൾ പിഴയിളവ് ആനുകൂല്യം പ്രാബല്യത്തിലുള്ള കാലത്ത് നടത്താൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. സൗദി പൗരന്മാർക്കും വിദേശികൾക്കും
ഗൾഫ് പൗരന്മാർക്കും സന്ദർശകർക്കും പിഴയിളവ് ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കും.
വാഹനാഭ്യാസ പ്രകടനം, മദ്യലഹരിയിൽ വാഹനമോടിക്കൽ, പരമാവധി വേഗം 120 കിലോമീറ്ററും അതിൽ കുറവുമായി നിശ്ചയിച്ച റോഡുകളിൽ പരമാവധി വേഗത്തിലും 50 കിലോമീറ്റർ കൂടുതൽ വേഗതയിൽ വാഹനമോടിക്കൽ, പരമാവധി വേഗം 140 കിലോമീറ്ററും അതിൽ കുറവുമായി നിശ്ചയിച്ച
റോഡുകളിൽ പരമാവധി വേഗത്തിലും 30 കിലോമീറ്റർ കൂടുതൽ വേഗത്തിൽ വാഹനമോടിക്കൽ എന്നീ നിയമ ലംഘനങ്ങൾ ഇളവ് കാലയളവിൽ നടത്തുന്നവർക്ക് പിഴയിളവ് ആനുകൂല്യം ലഭിക്കില്ല.
ഏപ്രിൽ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രാബല്യത്തിൽവന്ന ശേഷം നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങളിൽ ട്രാഫിക് നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം 25 ശതമാനം പിഴയിളവ് അനുവദിക്കുന്നുണ്ട്. ഗതാഗത നിയമ ലംഘനം രജിസ്റ്റർ ചെയ്‌തതിൽ അപ്പീൽ നൽകാനും പിഴ അടക്കാനുമുള്ള നിയമാനുസൃത സമയപരിധി അവസാനിച്ച ശേഷം ഇത്തരക്കാരുടെ അക്കൗണ്ടുകളിൽ നിന്ന് പിഴ തുക നേരിട്ട് വസൂലാക്കാൻ നിയമം അനുവദിക്കുന്നുണ്ട്.