ബെംഗളൂരു: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രഹ്ലാദ് ജോഷിയുടെ സഹോദരന്‍ ഗോപാല്‍ ജോഷിയെ വഞ്ചനാ കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്ത് രണ്ടു കോടി രൂപ തട്ടിയെന്നാരോപിച്ച് ജെഡിഎസ് നേതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വാര്‍ത്ത പുറത്തു വന്നതോടെ തനിക്ക് സഹോദരന്‍ ഗോപാലുമായി കഴിഞ്ഞ 30 വര്‍ഷമായി ഒരു ബന്ധവുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. പല തവണകളായി രണ്ടു കോടി രൂപയോളം തട്ടിയെന്നാണ് പരാതി. കേസ് അന്വേഷിച്ചു വരികയാണെന്ന് ബെഗംളൂരു പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു.
ഗോപാലിനു പുറമെ വിജയലക്ഷ്മി ജോഷി, ഗോപാലിന്റെ മകന്‍ അജയ് ജോഷി എന്നിവരും കേസില്‍ പ്രതികളാണ്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ജെഡിഎസ് എംഎല്‍എ നാഗത്താനയുടെ ഭാര്യ സുനിത ചവാനാണ് പരാതിക്കാരി. ഗോപാള്‍ തനിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്തുവെന്നും ഇതിനായി 25 ലക്ഷം രൂപ ഗോപാലിന്റെ നിര്‍ദേശ പ്രകാരം വിജയലക്ഷ്മിയുടെ വീട്ടിലെത്തിച്ചു നല്‍കിയെന്നും സുനിത പറയുന്നു. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരി എന്നാണ് വിജയലക്ഷ്മി പരിചയപ്പെടുത്തിയത്. എന്നാല്‍ തനിക്ക് സഹോദരി ഇല്ലെന്നാണ് മന്ത്രിയുടെ പ്രതികരണം.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കാതെ വന്നപ്പോള്‍ സുനിത വീണ്ടും ഗോപാലിനെ കണ്ടു. 200 കോടി രൂപയുടെ ഒരു പദ്ധതി സ്വന്തമാക്കിയതിനു ശേഷം പണം തിരിച്ചു നല്‍കാമെന്നായിരുന്നു ഗോപാലിന്റെ വാഗ്ദാനം. അധികമായി 1.75 കോടി രൂപയും താന്‍ ഗോപാലിനു നല്‍കിയിട്ടുണ്ടെന്ന് സുനിത പറയന്നു. എന്നാല്‍ പണം നിശ്ചിതസമയത്തിനുള്ളില്‍ ഗോപാല്‍ തിരിച്ചു നല്‍കിയില്ല.