അബുദാബി ∙ മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ലെയ്ൻ മാറുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. അശ്രദ്ധയോടെ വാഹനമോടിക്കുകയും പെട്ടെന്ന് ലെയ്ൻ മാറുകയും ചെയ്തതിനെ തുടർന്ന് പലതവണ കരണം മറിഞ്ഞ് എതിർ ദിശയിലേക്കു പോയ വാഹനത്തിന്റെ 23 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ചൂണ്ടിക്കാട്ടിയാണ് പൊലീസ് മുന്നറിയിപ്പ്. തലനാരിഴയ്ക്കാണ് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കാതിരുന്നത്.
അമിത വേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണ് അപകടത്തിലേക്കു നയിച്ചതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഈ വാഹനം ഇടിക്കുന്നതിൽനിന്ന് രക്ഷപ്പെടാനായി പിറകിലേക്കും വശങ്ങളിലേക്കും മാറിയ മറ്റുവാഹനങ്ങളും കൂട്ടിമുട്ടിയിരുന്നു. പെട്ടെന്ന് ലെയ്ൻ മാറുകയോ ഇടത്തോട്ടോ വലത്തോട്ടോ തിരിക്കുകയോ ചെയ്ത് ഗുരുതര അപകടമുണ്ടാക്കുന്നവർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്. തെറ്റായ ദിശയിൽ ഓവർടേക്ക് ചെയ്യുന്നവർക്ക് കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 600 മുതൽ 1000 ദിർഹം വരെയാണ് പിഴ ചുമത്തുക.