അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു.
ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി കമല ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 277 ഇലക്ടറൽ വോട്ട് നേടിയാണ് ട്രംപിൻ്റെ കുതിപ്പ്.226 ഇലക്ടറൽ വോട്ടുകളാണ് കമല ഹാരിസ് നേടിയത്. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടി. ജെഡി വാൻസ് വൈസ് പ്രസിഡന്റാകും.
78കാരനായ ഡോണൾഡ് ട്രംപ് വീണ്ടും പ്രസിഡന്റായതോടെ വേറിട്ട ചരിത്രം കൂടിയാണ് പിറന്നത്. അമേരിക്കൻ ചരിത്രത്തിൽ തോൽവിക്ക് ശേഷം തിരിച്ചെത്തുന്ന രണ്ടാമത്തെ പ്രസിഡന്റായി അദ്ദേഹം. ഗ്രോവർ ക്ലീവ്ലാന്റാണ് ഇതിനു മുൻപ് ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്.അണികളെ അഭിസംബോധന ചെയ്യാനായി ട്രംപ് ഫ്ളോറിഡയിലേയ്ക്ക് തിരിച്ചെന്നാണ് റിപ്പോർട്ടുകൾ. ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ ട്രംപ് ഉടൻ പ്രവർത്തകരെ അഭിസംബോധന ചെയ്യും.അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമല ഹാരിസ് ഇന്ന് അനുയായികളെ അഭിസംബോധന ചെയ്യില്ല. വ്യാഴാഴ്ച കമല ഹാരിസ് തന്റെ അണികളെ അഭിസംബോധന ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പിൽ ഏറെ നിർണായകമായി വിലയിരുത്തപ്പെട്ട സ്വിംഗ് സ്റ്റേറ്റുകളിൽ നേട്ടമുണ്ടാക്കാൻ സാധിച്ചതാണ് ട്രംപിന്റെ മുന്നേറ്റത്തിന് കരുത്ത് കൂട്ടിയത്. അരിസോന, നെവാഡ, ജോർജിയ, നോർത്ത് കാരോലൈന, പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നിവയാണ് സ്വിങ് സ്റ്റേറ്റുകൾ 93 ഇലക്ടറൽ വോട്ടുകളുള്ള സ്വിങ് സ്റ്റേറ്റുകളിൽ വിജയം നേടുകയാണ് അമേരിക്കയുടെ അധികാരം പിടിക്കാനുള്ള ഏറ്റവും വലിയ വഴി. ഇവിടെ കമലയും ട്രംപും ഒപ്പത്തിനൊപ്പം ആണെന്നായിരുന്നു സർവേ ഫലം.
സ്വിങ് സ്റ്റേറ്റുകളിൽ നോർത്ത് കരോലൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാൽ ഇത്തവണ ഏഴും ട്രംപിനൊപ്പം നിൽക്കുകയായിരുന്നു.
ട്രംപിന്റെ വിജയത്തിൽ നിർണായകമായ നിരവധി ഘടകങ്ങളുണ്ട്. ഇസ്രയേൽ - ഹമാസ് യുദ്ധം, യുക്രൈൻ യുദ്ധം എന്നിവയ്ക്കെല്ലാമായി അമേരിക്കയുടെ ദശലക്ഷക്കണക്കിന് ഡോളർ പമ്പ് ചെയ്യുന്നുവെന്നും സാധാരണക്കാരന്റെ പണം ഇതിനായി ഉപയോഗിക്കുന്നുവെന്നും ആരോപിച്ചിരുന്നു. ട്രംപ്
ജോ ബൈഡൻ ദുർബലനായ പ്രസിഡന്റാണെന്നും താൻ അധികാരത്തിൽ വന്നാൽ യുദ്ധം നിർത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയ്ക്ക് ശക്തനായൊരു പ്രസിഡന്റ് എന്ന സന്ദേശമാണ് ഓരോ നിമിഷവും അദ്ദേഹം നൽകിയത്.