താമരശ്ശേരി:വയനാട് ചുരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായ നിർദിഷ്ട ചുരം ബൈപാസ് [ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ ] യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി.വയനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാത്ര മധ്യേ താമരശ്ശേരി പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തിൽ വെച്ചാണ് ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ട കാര്യങ്ങൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ആക്ഷൻ കമ്മിറ്റി ഭാരവാഹികളെ അറിയിച്ചു. താമരശ്ശേരി രൂപത വികാരിജനറാൾ മോൺ അബ്രഹാം വയലിൽ, ആക്ഷൻ കമ്മിറ്റി കൺവീനർ ടി.ആർ.ഓമനക്കുട്ടൻ റാഷി താമരശ്ശേരി, റെജി ജോസഫ് തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.