കല്‍പ്പറ്റ: ആദിവാസി സ്ത്രീകള്‍ക്ക് വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ച നാല് പേരെ പടിഞ്ഞാറത്തറ പൊലീസ് പിടികൂടി. മാനന്തവാടി വരടിമൂല മാങ്കാളി വീട്ടില്‍ ഊര്‍മിള(39), വെള്ളമുണ്ട, മൊതക്കര, കാവുംകുന്ന് ഉന്നതി കെ. ലക്ഷ്മി(44), അഞ്ചുകുന്ന് എടത്തുംകുന്ന് ഉന്നതിയില്‍ സുനിത(24), എരുമതെരുവ് പുളിഞ്ചോട് മൂച്ചിതറക്കല്‍ വീട്ടില്‍ കെ.വി. സെറീന(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മുഖ്യപ്രതി ഊര്‍മിളയെ ഞായറാഴ്ചയും മറ്റു മൂന്ന് പേരെ ഒക്ടോബര്‍ പത്തിനുമാണ് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറത്തറ പിലാത്തോട്ടം ഉന്നതിയില്‍ താമസിക്കുന്ന അഞ്ച് സ്ത്രീകളുടെ ആധാര്‍ കാര്‍ഡുകളും മറ്റു തിരിച്ചറിയല്‍ രേഖകളും വാങ്ങി ഓരോരുത്തര്‍ക്കും 33000 രൂപ ബാങ്കില്‍ നിന്ന് ലോണ്‍ വാങ്ങി നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്.
ഇവരുടെ വിരലടയാളങ്ങളും ഇ-മെഷീനില്‍ ശേഖരിച്ചു. കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ഇലക്ട്രോണിക് പ്രിന്റിങ് മെഷീന്‍ ഉപയോഗിച്ചിട്ടുള്ളതിനാല്‍ മറ്റെന്തെങ്കിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരുകയാണ്. ലക്ഷ്മി, സുനിത എന്നിവര്‍ മുമ്പും സമാന കുറ്റകൃത്യത്തില്‍ ഏർപ്പെട്ടവരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.