മഞ്ചേരി :പ്രവാസി വ്യവസായി കോഴിക്കോട് മലയമ്മ സ്വദേശി ഹാരിസ് തത്തമ്മപ്പറമ്പിലും സുഹൃത്തും അബുദാബിയിൽ കൊല്ലപ്പെട്ട കേസിൽ നിലമ്പൂർ കൈപ്പഞ്ചേരി ഷൈബിൻ അഷറ്ഫ് ഉൾപ്പെടെ 9 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു.
എറണാകുളം സിജെഎം കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ എം.ഗിരീഷ് കുമാറാണു കുറ്റപത്രം സമർപ്പിച്ചത്. മൈസൂരുവിൽനിന്നുള്ള പാരമ്പര്യ വൈദ്യൻ ഷാബ ഷരീഫിനെ തട്ടിക്കൊണ്ടുവന്ന് നിലമ്പൂരിലെ വീട്ടിൽ തടവിൽ പാർപ്പിച്ച ശേഷം കൊലപ്പെടുത്തി കഷണങ്ങളാക്കി പുഴയിൽ തള്ളിയ കേസിലെ പ്രധാന പ്രതിയാണു ഷൈബിൻ. ഈ കേസിന്റെ അന്വേഷണ ഘട്ടത്തിലാണു ഹാരിസിന്റെയും സുഹൃത്തിന്റെയും കൊലപാതകത്തിൽ ഷൈബിനുള്ള പങ്ക് പുറത്തുവന്നത്. ഹാരിസ്, സുഹൃത്ത് ചാലക്കുടി സ്വദേശി ഡെൻസി ആന്റണി എന്നിവരുടെ മരണം നേരത്തേ അബുദാബി പൊലീസ് അന്വേഷിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു കണ്ടെത്തൽ.
ഡെൻസി ആന്റണിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഹാരിസ് കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തെന്ന നിഗമനത്തിൽ അബുദാബി പൊലീസ് അന്വേഷണം അവസാനിപ്പിച്ച കേസാണ് സിബിഐ ഏറ്റെടുത്ത് അന്വേഷിക്കുന്നത്. ഷൈബിനു പുറമേ, സഹോദരൻ ഫാസിൽ, സുഹൃത്ത് സുൽത്താൻ ബത്തേരി തങ്ങളകത്ത് നൗഷാദ്, നടുത്തൊടിക നിഷാദ്, പൂളക്കുങ്ങര ഷെബീബ് റഹ്മാൻ, കൂത്രാടൻ മുഹമ്മദ് അജ്മൽ, വാണിയമ്പലം സ്വദേശി ഷഫീഖ്, കുന്നേക്കാടൻ ഷെമീം തുടങ്ങിയവർക്ക് എതിരെയാണ് സിബിഐ കുറ്റപത്രം. 2020 മാർച്ച് 5ന് ആണ് അബുദാബി മുസഫയിലെ ഫ്ലാറ്റിൽ ഇരുവരെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മോഷണം, ആത്മഹത്യ, പിന്നെ കൊലപാതകം
കേസിനെക്കുറിച്ച് പൊലീസിനു തുമ്പു ലഭിച്ചത് ഇങ്ങനെ: 2022 ഏപ്രിലിൽ ഷൈബിൻ അഷ്റഫിന്റെ നിലമ്പൂരിലെ വീട്ടിൽ മോഷണം നടന്നു. പ്രതികളെ പൊലീസും ഷൈബിന്റെ ക്വട്ടേഷൻ സംഘവും അന്വേഷിക്കുന്നതിനിടെ, 2 പ്രതികൾ തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിൽ ആത്മഹത്യാശ്രമം നടത്തി. നാട്ടുകാർ ഇടപെട്ട് ഇതു വിഫലമാക്കി ഇവരെ പൊലീസിലേൽപിച്ചു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണു മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബ ഷരീഫിന്റെ തിരോധാനത്തെക്കുറിച്ചും അബുദാബി ഇരട്ടക്കൊലക്കേസിനെക്കുറിച്ചുമുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്.
അബുദാബിയിൽ ബിസിനസ് പങ്കാളികളായിരുന്നു ഹാരിസും ഷൈബിനും. ഇവർ തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടുകയും ഡീസൽ ട്രേഡിങ് കമ്പനിയിലെ ഷെയർ പിരിയുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങൾ അബുദാബി കോടതിയിൽ എത്തുകയും ചെയ്തു. ഇതിലുള്ള പക കാരണമാണു ഹാരിസിനെ കൊലപ്പെടുത്താൻ ഷൈബിൻ തീരുമാനിച്ചതെന്നു സിബിഐ കുറ്റപത്രത്തിൽ പറയുന്നു. കേസിൽ 6 പ്രതികളെ സിബിഐയും ഒരു പ്രതിയെ നിലമ്പൂർ പൊലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. 2 പേർ ഒളിവിലാണ്.