കൊച്ചി: വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2013-ലെ വഖഫ് ഭേദഗതിക്ക് മുൻപ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോഴിക്കോട് മേരിക്കുന്ന് പോസ്റ്റ് ഓഫിസ് ജീവനക്കാർക്കെതിരെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുണ്ടായിരുന്ന കേസാണ് റദ്ദാക്കിയത്. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഏറെ തർക്കങ്ങൾ നിലനിൽക്കുന്ന സമയത്താണ് ഹൈക്കോടതിയിൽനിന്ന് ഇത്തരമൊരു വിധിയുണ്ടായിരിക്കുന്നത്.
വഖഫ് ബോർഡിൻറെ പരാതിയിൽ 2017-ലാണ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി കേസെടുത്തിരുന്നത്. 2013ലെ വഖഫ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വഖഫ് ഭൂമി കൈവശം വയ്ക്കുന്നതിനെതിരെ ബോർഡ് നടപടി സ്വീകരിച്ചത്. എന്നാൽ, നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ നിയമഭേദഗതിക്കു മുമ്പ് കൈവശം വെച്ച ഭൂമിയുടെ പേരിൽ ക്രിമിനൽ നടപടി സാധ്യമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്.