ചേളന്നൂർ :ഇന്നലെ വൈകീട്ടുണ്ടായ ഇടിമിന്നലിൽ അമ്പലത്തുകുളങ്ങരയിൽ വിദ്യാർഥിനിക്ക് പരിക്കേറ്റു. ഈ ഭാഗത്തെ എട്ടോളം വീടുകളിൽ നാശനഷ്ടമുണ്ടായി. മഞ്ചക്കണ്ടി വിജയന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മാളവിക (20)യുടെ കാലിനാണ് പൊള്ളലേറ്റത്.
സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ വീട്ടിലെ വൈദ്യുതമീറ്റർ പൊട്ടിത്തെറിച്ചു. വയറിങ്ങിനും വീടിനും കേടുപാടുണ്ടായി. കുടിവെള്ളപൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകി. ടി.വി., ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചു.
കോതങ്ങാട്ട് രാജഗോപാലന്റെ വീട്ടിലെ ടി.വി. കത്തിനശിച്ചു. ചാലിയാടത്തെ പയ്യിൽ അഭിജിത്ത്, മാക്കാടത്ത് അജി, മഞ്ചക്കണ്ടി രാധാകൃഷ്ണൻ, ചാലിയാടത്ത് സി. രവീന്ദ്രൻ, മാക്കാടത്ത് ഷിബുദാസ്, കുന്നുമ്മൽതാഴം ഗോപാലകൃഷ്ണൻ എന്നിവരുടെ വീടുകളിലും നാശനഷ്ടമുണ്ടായി. പല വീടുകളിലെയും പ്ലഗ് പോയിന്റുകളും വയറിങ്ങും പൊട്ടിവീണ നിലയിലാണ്. കെ.എസ്.ഇ.ബി. ചേളന്നൂർ സെക്ഷനിലെ ജീവനക്കാർ, വാർഡംഗം ടി. വത്സല എന്നിവർ വീടുകൾ സന്ദർശിച്ചു.