കൊച്ചി: മുനമ്പം ഭൂമി വിഷയം സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായും മുനമ്പം സമരം സമിതി പ്രതിനിധികളുമായും ചർച്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തങ്ങൾ.
സൗഹാര്‍ദപരമായ ചര്‍ച്ചയായിരുന്നുവെന്നും പോസിറ്റീവായിരുന്നുവെന്നും പറഞ്ഞ തങ്ങൾ, മുനമ്പം വിഷയം ചര്‍ച്ച ചെയ്തെന്നും പ്രശ്ന പരിഹാരം എത്രയും വേഗം ഉണ്ടാക്കണമെന്നുമാണ് ചര്‍ച്ചയിൽ പ്രധാന നിര്‍ദേശമായി ഉയര്‍ന്നതെന്നും വ്യക്തമാക്കി. മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ലീഗ് നേതാക്കൾ എത്തിയതെന്ന് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. ഇതിൽ അതിയായ സന്തോഷമുണ്ട്, ഇതൊരു മാനുഷിക പ്രശ്നമാണ്.
മതമൈത്രി സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകണം. എല്ലാവരും തങ്ങൾക്കൊപ്പം നിൽക്കുന്നു എന്നതിൽ അഭിമാനമുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. സൗഹൃദ അന്തരീക്ഷത്തിലുള്ള ചർച്ചയാണ് നടന്നതെന്നും മുനമ്പം വിഷയം രമ്യമായി പരിഹരിക്കണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വരാപ്പുഴ ബിഷപ്പ് ഹൗസിലാണ് ലീഗ് നേതാക്കള്‍ ലത്തീൻ കത്തോലിക്ക സഭ മെത്രാൻ സമിതിയുമായി ചർച്ച നടത്തിയത്.
മുനമ്പം വിഷയത്തിൽ സർക്കാർ രമ്യമായ പരിഹാരമുണ്ടാക്കുന്നില്ലെങ്കിൽ മുസ്‍ലിം ലീഗ് മുന്നിട്ടിറങ്ങുമെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. പരിഹാരം വൈകിയാൽ പാണക്കാട് സാദിഖലി തങ്ങൾ ബിഷപ്പുമാരുമായി സംസാരിക്കും. പരിഹാരം നീട്ടുന്നത് സംസ്ഥാന സർക്കാറാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി