പാലക്കാട്: സുപ്രഭാതം പത്രത്തിലെ പാലക്കാട്ടെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പരസ്യത്തിനെതിരെ സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും വിദ്യാർത്ഥി-യുവജന നേതാക്കളിൽ ഒരാളായ പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ. പരസ്യം പ്രസിദ്ധീകരിച്ച സുപ്രഭാതം പത്രത്തിന്റെ ഒന്നാം പേജ് ചുവന്ന കളറിൽ മാർക്ക് ചെയ്താണ് മുഈൻ അലി തങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
തൊട്ട് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് അഭ്യർത്ഥിച്ച് യു.ഡി.എഫ് സുപ്രഭാതത്തിൽ നൽകിയ പരസ്യവും പങ്കുവെച്ചിട്ടുണ്ട്. മുഈനലി തങ്ങളുടെ നിലപാടിനോട് യോജിച്ചും വിയോജിച്ചുമെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ട്. പത്രത്തിന്റെ പരസ്യമല്ല വെട്ടേണ്ടത്, ഇടതുമുന്നണിയുടെ പ്രചാരണ രീതിയാണെന്നാണ് ചിലരുടെ പ്രതികരണം.
അതിനിടെ, തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ‘സരിൻ തരംഗം’ എന്ന തലക്കെട്ടോടെ ഇന്ന് ഇടതു മുന്നണി രണ്ട് സുന്നി മുഖപത്രങ്ങളിൽ നൽകിയ വ്യത്യസ്ത പരസ്യത്തെച്ചൊല്ലി നിശബ്ദ പ്രചാരണത്തിനിടെയും വിവാദങ്ങൾ കത്തുകയാണ്. ‘ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടിൽ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ചാണ് എൽ.ഡി.എഫ് പരസ്യം പ്രസിദ്ധീകരിച്ചത്. ഇതേച്ചൊല്ലി മൂന്നു മുന്നണികളിലും സമൂഹമാധ്യമങ്ങളിലും ചർച്ചകൾ കൊഴുക്കുകയാണ്.
കോൺഗ്രസ് പരാജയ ഭീതിയിൽ വിവാദങ്ങളുണ്ടാക്കുകയാണെന്നാണ് ഇതോടായി മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചത്. എല്ലാ പത്രങ്ങളിലും ഞങ്ങൾ പരസ്യം കൊടുത്തിട്ടുണ്ട്. പരസ്യത്തിൽ എല്ലാ പത്രങ്ങളിലും ഒരേ ഉള്ളടക്കം തന്നെ ആകണമെന്നില്ലെന്നും രണ്ടു പത്രങ്ങളിലെ പരസ്യം മാത്രം വിവാദമാകുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, ഇന്ന് കണ്ടത് ‘കാഫിർ’ സ്‌ക്രീൻ ഷോട്ടിന്റെ മോഡിഫൈഡ് വേർഷനാണെന്നായിരുന്നു വടകര എം.പി ഷാഫി പറമ്പിലിന്റെ കുറ്റപ്പെടുത്തൽ. വിഭാഗീയതയും വർഗീയതയും പ്രചരിപ്പിക്കാനാണ് എൽ.ഡി.എഫ് ശ്രമം. തെരഞ്ഞെടുപ്പ് കമ്മിഷൻ എങ്ങനെ ഇതിന് അനുമതി കൊടുത്തു? ബി.ജെ.പി ഈ പരസ്യം കൊടുത്താൽ മനസിലാക്കാം. പത്രത്തിന്റെ കോപ്പി എം.ബി രാജേഷിന്റെ വീട്ടിലും എ.കെ ബാലന്റെ വീട്ടിലും എത്തിക്കണമെന്നും സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയറാണെന്ന് ആദ്യം പറഞ്ഞ നേതാക്കൾ ഇവരല്ലേയെന്നും ഷാഫി ചോദിച്ചു.