മുക്കം:കോടികൾ ചെലവഴിച്ച് നിർമിക്കുന്ന കോട്ടമൂഴി പാലത്തിന്റെ പാർശ്വ ഭിത്തി തകർന്ന് പുഴയിൽ പതിച്ചു. കാരശ്ശേരി കൊടിയത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഇരുവഞ്ഞിപ്പുഴയുടെ കോട്ടമൂഴി കടവിൽ നിർമാണം നടന്നു കൊണ്ടിരിക്കെയാണ് ഇന്നലെ രാത്രിയോടെ പാർശ്വ ഭിത്തി തകർന്ന് പുഴയിലെത്തിയത്. 4.21 കോടി രൂപ ചെലവഴിച്ചാണ് മരാമത്ത് വകുപ്പ് പാലം നിർമിക്കുന്നത്. 20 മീറ്ററിലധികം ഭാഗം പുഴയിലെത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കാരശ്ശേരി കൊടിയത്തൂർ റോഡിൽ പാലം നിർമാണത്തെ തുടർന്ന് ഇതുവഴി മാസങ്ങളായി ഗതാഗതം നിലച്ചിരിക്കയാണ്. നെല്ലിക്കാപറമ്പ് കട്ടിരിച്ചാൽ വഴിയാണ് കൊടിയത്തൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ സർവീസ് നടത്തുന്നത്.4 പതിറ്റാണ്ടിലേറെ പഴക്കമുള്ള പാലമാണ് പുനർ നിർമിക്കുന്നത്. പാലം നിർമാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായതിന് ഇടയിലാണ് പാർശ്വ ഭിത്തി തകർന്നത്.