കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗം ഒപ്പന മത്സരം പ്രധാന വേദിയിൽ നടക്കും.21ന് വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് ഒപ്പന അരങ്ങേറുന്നത്. നേരത്തെ 22ആം തീയതി തീരുമാനിച്ച ഹൈസ്‌കൂൾ ഹയർസെക്കൻഡറി വിഭാഗം ഒപ്പന മത്സരം ഇരുപതാം തീയതി ബുധനാഴ്ച ബിഎം ഹൈസ്‌കൂളിലെ സൗകര്യം കുറഞ്ഞ ഇരുപതാം നമ്പർ വേദിയിലേക്ക് മാറ്റിയിരുന്നു.
ഇത് മാപ്പിള കലയോട് കാണിക്കുന്ന തികഞ്ഞ അവഗണനയാണെന്ന് ചൂണ്ടിക്കാട്ടി കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു.ഇതേ തുടർന്നാണ് ഒപ്പന മത്സരം ഇരുപത്തിയൊന്നാം തീയതി പ്രധാന വേദിയിൽ നടത്താൻ തീരുമാനിച്ചത്.
അക്കാദമിയുടെ ആവശ്യം അംഗീകരിച്ചു വേദി മാറ്റത്തിന് തയ്യാറായ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നടപടി സ്വാഗതാർഹമാണെന്ന് കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ല പ്രസിഡന്റ് എം കെ അഷ്റഫ്, ജനറൽ സെക്രട്ടറി അഷ്റഫ് ടി കൊടുവള്ളി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.