മലപ്പുറം: മലപ്പുറത്ത് വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് നിരവധി യുവാക്കളിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി. മലപ്പുറം കാട്ടുമുണ്ട സ്വദേശി ജാഷിദിനെതിരെയാണ് വിസ തട്ടിപ്പിന് 23 യുവാക്കൾ പൊലീസിൽ പരാതി നൽകിയത്. വിദേശത്ത് ജോലി ഒഴിവുണ്ടെന്ന് ഫേസ്ക്കിലൂടെയാണ് ജിഷാദ് ഒരു കമ്പിനിയുടെ പേരിൽ പരസ്യം നൽകിയിരുന്നത്. തുടർന്നാണ് യുവാക്കൾ ജോലിക്കായി സമീപിച്ചത്. വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത ജോലിക്കാണ് ഇവർ ആളുകളെ വിളിച്ചത്. അഭിമുഖവും നടത്തിയിരുന്നില്ല.
പിന്നാലെ വിസ പ്രൊസസിംഗ് ആരംഭിച്ചുവെന്ന് ബോധിപ്പിച്ച് യുവാക്കളിൽ നിന്നും നിന്ന് പണവും വാങ്ങി. ഇത്തരത്തിൽ തട്ടിപ്പിന് ഇരയായ 23 യുവാക്കളാണ് മലപ്പുറം എസ്പിക്ക് പരാതി നൽകിയത്. ഇവരെക്കൂടാതെ നൂറോളംപേർ തട്ടിപ്പിനിരയായതായും പറയുന്നുണ്ട്. ജോലി ഉറപ്പാണെന്ന വാക്ക് വിശ്വസിച്ചാണ് പണം നൽകിയതെന്ന് തട്ടിപ്പിനിരയായ മുഹമ്മദലി പ്രതികരിച്ചു.
പണം നൽകി കാത്തിരുന്നിട്ടും ജോലിയും വിസയും ലഭ്യമാകാതെ വന്നതോടെയാണ് യുവാക്കൾ മലപ്പുറം സ്വദേശിക്കെതിരെ പരാതിയുമായി മുന്നോട്ടുവന്നത്. പണത്തിനായി സമീപിക്കുമ്പോൾ കമ്പനി ഉടമകൾ ഫോണെടുക്കുന്നില്ലെന്നും ഇവർ സ്ഥലത്തുണ്ടോ എന്ന് അറിവില്ലെന്നും പരാതിക്കാർ പറയുന്നു. പലരിൽ നിന്നായി അമ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് വിസ തട്ടിപ്പ് സംഘം തട്ടിയെടുത്തിട്ടുള്ളത്