കൊണ്ടോട്ടി: ബസിൽ തിരക്കിനിടയിൽ കൈക്കുഞ്ഞിൻ്റെ പാദസരം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. ഊർങ്ങാട്ടിരി തച്ചണ്ണ സ്വദേശി തയ്യിൽ സബാഹ് (30) ആണ് അറസ്റ്റിലായത്.
സെപ്റ്റംബർ രണ്ടിന് കൊണ്ടോട്ടി ബസ് സ്റ്റാൻഡിലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസിൽ യാത്രക്കാരുടെ തിരക്കിനിടെ അടുത്തുണ്ടായിരുന്ന കുഞ്ഞിൻ പാദസരം ഇയാൾ ഊരിയെടുക്കുകയായിരുന്നു. ബസിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.
സംഭവ ശേഷം ഒളിവിൽ പോയ സബാഹ് വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞുവരുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വയനാട് പൊലീസിന്റെ സഹായത്തോടെ കൊണ്ടോട്ടി ഇൻസ്പെക്ടർ പി.എം. ഷമീറിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘവും ആന്റി തെഫ്റ്റ് സ്ക്വാഡും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ എസ്.കെ. പ്രിയൻ, എ.എസ്.ഐ ശശികുമാർ അമ്ബാളി, സ്ക്വാഡ് അംഗങ്ങളായ സഞ്ജീവ്, രതീഷ്, സുബ്രമണ്യൻ, മുസ്തഫ, രതീഷ്, ഋഷികേശ്, അമർനാഥ്, ബിജു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.