കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന കോൺഗ്രസിൻ്റെ ആവശ്യം അംഗീകരിക്കാതെ കോടതി. തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർത്ഥികൾ നൽകിയ ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. ഹർജിയിൽ ഹൈക്കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
ബാങ്ക് നയപരമായ തീരുമാനം എടുക്കുന്നത് വിലക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജിയിൽ സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഈ മാസം 16 നായിരുന്നു ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനിടെ വോട്ടർമാർ ആക്രമിക്കപ്പെട്ടെന്നും നിരവധിപേർ വോട്ടുചെയ്യാനാവാതെ മടങ്ങിയെന്നും കാണിച്ച് ഭരണസമിതിയിലേക്ക് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളായ 11 പേരാണ് ഹർജി നൽകിയത്.ഹൈക്കോടതിയുടെ നിർദേശം ഉണ്ടായിട്ടും പൊലീസ് സംരക്ഷണം നൽകാതെ കാഴ്ച്ചക്കാരായെന്നും സഹകരണ വകുപ്പ് ജീവനക്കാർ അട്ടിമറിക്ക് കൂട്ടുനിന്നെന്നും ഹർജിയിൽ ആരോപിക്കുന്നു.