കൊച്ചി: ശബരിമല സന്നിധാനത്ത് പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡും ഇലകളും ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പൂവുകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും ഓരോ ദിവസവും പൂവുകള്‍ മാറ്റണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.
കരാറുകാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡും ശബരിമല സ്‌പെഷല്‍ കമ്മീഷണറും കോടതിയെ അറിയിച്ചു. അപ്പം, അരവണ അടക്കമുള്ള പ്രസാദവിതരണത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയെ സ്വമേധയാ കക്ഷിചേര്‍ത്തു. പഴകിയ എണ്ണ പിടിച്ചെടുത്ത, പാണ്ടിത്താവളത്തെ ഹോട്ടലിന് 5000 രൂപയും കാലാവധി കഴിഞ്ഞ ഗരംമസാല സൂക്ഷിച്ച ഹോട്ടലിന് 10,000 രൂപയും പിഴയിട്ടതായി അധികൃതര്‍ കോടതിയെ അറിയിച്ചു.
അനധികൃത ലബോറട്ടറികളുടെ മൊബൈല്‍ യൂണിറ്റുകള്‍ നിലക്കലില്‍ പ്രവര്‍ത്തിക്കുന്ന സംഭവത്തില്‍ ഇടപെട്ട കോടതി നിലക്കല്‍ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റും പൊലീസും ദേവസ്വം വിജിലന്‍സും ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് നിര്‍ദേശം നല്‍കി. പമ്പ ഹില്‍ടോപ്പില്‍ പത്തിലധികം കെഎസ്ആര്‍ടിസി ബസുകള്‍ ഒരേസമയം പാര്‍ക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ജില്ല പൊലീസ് മേധാവിയോട് കോടതി നിര്‍ദേശിച്ചു. 24 മണിക്കൂറിലധികം പാര്‍ക്കിങ്ങില്‍ തുടരാന്‍ കാറുകളടക്കം വാഹനങ്ങളെ അനുവദിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.