മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിക്കെതിരായ പ്ലസ്ട കോഴക്കേസിലെ വിജിലൻസ് അന്വേഷണം റദ്ദാക്കിയതിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രിം കോടതി തള്ളി. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കഴിഞ്ഞതവണ ഹരജി പരിഗണിച്ച സുപ്രീംകോടതി കേസിലെ മൊഴികളും, മാറ്റിപ്പറഞ്ഞ മൊഴികളും ഹാജരാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. നിർദേശത്തെ തുടർന്ന് മൊഴികൾ സംസ്ഥാനം സുപ്രിം കോടതിയിൽ ഹാജരാക്കി. കേസ് രാഷ്ട്രീയ പ്രേരിതമെന്ന ഷാജിയുടെ ആരോപണം തെറ്റാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലവും നൽകി.
രാഷ്ട്രീയ ഭാവി തകർക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ വിജിലൻസ് കേസെടുത്തതെന്നായിരുന്നു കെ.എം ഷാജിയുടെ വാദം. കോഴ നൽകിയിട്ടുണ്ടെന്ന് സ്കൂൾ മാനേജർ നൽകിയ ആദ്യ മൊഴിയിൽ സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് മൊഴി മാറ്റിയെന്നും സംസ്ഥാന സർക്കാർ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.
2014ൽ അഴീക്കോട് സ്കൂളിൽ പ്ലസ്ട ബാച്ച് അനുവദിക്കാൻ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.