കോഴിക്കോട് :ഹൈക്കോടതി തീർപ്പാക്കിയ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി. ഗോപാലിനെതിരെ പന്തീരാങ്കാവ് പോലീസ് കേസ് എടുത്തു. കൊലപാതക ശ്രമം, ഗാർഹിക പീഡനം, എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. വീണ്ടും ഭർത്താവിൻ്റെ മർദനമേറ്റതായി കാണിച്ച് യുവതി നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി ഒന്നരമാസത്തിനിടെയാണ് പുതിയ കേസ്.
മീൻ കറിക്ക് പുളി കുറഞ്ഞെന്ന കാരണത്താലായിരുന്നു മർദനമെന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. പരിക്കേറ്റ യുവതിയെ ഭർത്താവ് രാഹുലും അമ്മയും ചേർന്ന് ഇന്നലെ രാത്രി മെഡിക്കൽ കോളേജ് ആശുപത്രി എത്തിച്ചിരുന്നു.എന്നാൽ പോലീസ് എത്തിയപ്പോൾ തനിക്ക് പരാതിയില്ലെന്നായിരുന്നു യുവതിയുടെ മറുപടി. ഇന്ന് രാവിലെ രക്ഷിതാക്കൾക്ക് ഒപ്പമെത്തിയാണ് യുവതി പന്തീരാങ്കാവ് പോലീസിൽ പരാതി നൽകിയത്.
യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ മേയിലാണ് രാഹുലിന് എതിരെ യുവതി ആദ്യം ഗാർഹിക പീഡന പരാതി നൽകിയത്. പിന്നാലെ വിദേശത്തേക്ക് കടന്ന രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി.ഇതിനിടെ പരാതി പിൻവലിക്കുകയാണെന്നും രാഹുലിനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കേസ് റദ്ദാക്കിയ കോടതി യുവതിയെ ഭർത്താവിനൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവ് നിലവിൽ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിലാണ്.
പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വെച്ചതിനെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.