കോഴിക്കോട് :പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ പി. ഗോപാലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് രാഹുലിനെ ഹാജരാക്കിയത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിട്ടുള്ളത്.
രാഹുലിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസ് 29-ാം തീയതി കോടതി പരിഗണിക്കും.വീണ്ടും രാഹുലിൻ്റെ മർദനമേറ്റതായി കാണിച്ച് ഭാര്യ നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. പഴയ ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി ഒന്നരമാസത്തിനിടെയാണ് പുതിയ കേസ്.
മീൻ കറിക്ക് പുളി കുറഞ്ഞെന്ന കാരണത്താലായിരുന്നു മർദനമെന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.
പരിക്കേറ്റ യുവതിയെ രാഹുലും അമ്മയും ചേർന്ന് തിങ്കളാഴ്ച രാത്രി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു.എന്നാൽ, പോലീസ് എത്തിയപ്പോൾ തനിക്ക് പരാതിയില്ലെന്നായിരുന്നു യുവതിയുടെ മറുപടി. ചൊവ്വാഴ്ച രാവിലെ രക്ഷിതാക്കൾക്ക് ഒപ്പമെത്തിയാണ് യുവതി പന്തീരാങ്കാവ് പോലീസിൽ പരാതി നൽകിയത്.
ഇക്കഴിഞ്ഞ മേയിലാണ് രാഹുലിന് എതിരെ യുവതി ആദ്യം ഗാർഹിക പീഡന പരാതി നൽകിയത്. പിന്നാലെ വിദേശത്തേക്ക് കടന്ന രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി.
ഇതിനിടെ പരാതി പിൻവലിക്കുകയാണെന്നും രാഹുലിനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു.
തുടർന്ന് കേസ് റദ്ദാക്കിയ കോടതി യുവതിയെ ഭർത്താവിനൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു.