കോഴിക്കോട്: ജില്ലയിൽ മുൻഗണന റേഷൻ കാർഡ് അനർഹമായി കെെവശംവെച്ച് ആനുകൂല്യം പറ്റിയിരുന്ന 16,736 പേരെ
പട്ടികയിൽ നിന്ന് പുറത്താക്കി. പിങ്ക് (പി.എച്ച്.എച്ച് ) കാർഡുണ്ടായിരുന്ന 14472 പേരും മഞ്ഞ കാർഡുള്ള (എ.എ.വെെ) 2264 പേരുമാണ് 2021 ജൂൺ ഒന്നു മുതൽ ഇന്നലെ വരെ) പുറത്തായത്. തുടർച്ചയായി മൂന്നു മാസമോ അതിലധികമോ റേഷൻ വാങ്ങാത്തവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് സിവിൽ സപ്ലൈസ് വകുപ്പ് ഇവരെ മുൻഗണനേതര (നോൺ സബ്‌സിഡി ) വിഭാഗത്തിലേക്ക് മാറ്റിയത്. സ്വമേധയാ മാറ്റിയതും പൊതുവിതരണ വകുപ്പ് പിഴ ചുമത്തി മാറ്റിയവരും ഇതിൽ ഉൾപ്പെടും. റേഷനിംഗ് ഇൻസ്പെക്ടർമാർ പരിശോധന നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാർ ജീവനക്കാർ ഉൾപ്പെടെ അർഹരല്ലാത്ത നിരവധി പേർ മുൻഗണന കാർഡുകൾ കെെവശം വയ്ക്കുന്നത് തടയുന്നതിന്റെ ഭാഗമായി കർശന പരിശോധനയാണ് ജില്ലയിൽ നടക്കുന്നത്. സാങ്കേതിക തകരാറുകൾ മൂലം മുൻഗണനാ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ അർഹരായവർ ഉണ്ടെങ്കിൽ അവ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അർഹരല്ലാത്തവർ മുൻഗണന കാർഡുകളിൽ ഇടം പിടിച്ചത് എങ്ങനെയെന്നും അന്വേഷിക്കും.