കൊച്ചി: കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നല്കണമെന്നും കോടതി ഉത്തരവിട്ടു.
കേരള പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹരജിയിൽ സർക്കാരിനോടും സി ബി ഐയോടും ഹൈക്കോടതി നിലപാട് തേടി. ഹരജി ഡിസംബർ ആറിന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
ഹരജി പരിഗണിക്കവെ നവീൻ ബാബുവിന്റേത് ആത്മഹത്യയല്ലേ എന്ന് കോടതി ചോദിച്ചപ്പോൾ കൊലപാതകമാണെന്നായിരുന്നു കുടുംബത്തിന്റെ മറുപടി. എന്തുകൊണ്ടാണ് കൊലപാതകമെന്ന് ചോദിച്ചപ്പോൾ കേസന്വേഷണത്തിലെ തുടക്കം തൊട്ടേയുള്ള പാളിച്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു കുടുംബത്തിന്റെ മറുപടി. കുറ്റപത്രം ഉടനെ സമർപ്പിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു. തുടർന്നാണ് കേസ് ഡയറി ഹാജറാക്കാനും ശേഷം വിശദമായി വാദം കേൾക്കാമെന്നും കോടതി അറിയിച്ചത്.
സി.ബി.ഐ അന്വേഷണമാണ് കുടുംബം ആഗ്രഹിക്കുന്നതെന്നും ഏറ്റവും ചുരുങ്ങിയത് ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും ഉണ്ടാവണമെന്നും വാദത്തിനിടെ കുടുംബം വ്യക്തമാക്കിയതായാണ് വിവരം. കേസിലെ പ്രതി സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി ദിവ്യയിപ്പോൾ ജാമ്യത്തിലാണുള്ളത്.