കോഴിക്കോട് :വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ ഇരുമ്പുവടി കൊണ്ട് ക്രൂരമായി അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്ഥിരം കുറ്റവാളിയായ യുവാവ് അറസ്റ്റിൽ. മാവൂർ കോട്ടക്കുന്നുമ്മൽ ഷിബിൻ ലാലു എന്ന ജിംബ്രൂട്ടൻ ആണ് മാവൂർ പൊലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ 14ന് രാത്രിയിലായിരുന്നു സംഭവം. മാവൂർ കോട്ടക്കുന്നുമ്മൽ സുബ്രഹ്മണ്യനെയാണ് വീട്ടിൽ കയറി മർദ്ദിച്ചത്. ഷിബിൻ ലാലുവിൻ്റെ അമ്മയുടെ സഹോദരനാണ് സുബ്രഹ്മണ്യൻ.
ഷിബിൻ ലാലു വീട്ടിൽ സ്ഥിരമായി വൈകി വരുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ഇരുമ്പുവടി കൊണ്ട് സുബ്രഹ്മണ്യന്റെ കൈയ്യും കാലും അടിച്ചൊടിച്ചത് എന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇയാൾ നേരത്തേയും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വിശദമാക്കുന്നു. നേരത്തെ മയക്കു മരുന്ന് ഉപയോഗം, അടിപിടി, വധശ്രമം, പൊതുജനത്തിന് ശല്യമുണ്ടാക്കൽ, പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടൽ എന്നിങ്ങനെ നിരവധി കേസുകളിലായി വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.
മാവൂർ എസ്ഐ രമേശ് ബാബു, എസ്സിപിഒ മാരായ റഷീദ്, ഷിനോജ് എന്നിവർ ചേർന്നാണ് ഷിബിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.