ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. വ്യാപാരത്തിനിടെ 15 പൈസയുടെ നഷ്ടത്തോടെ 84.44 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഓഹരി വിപണിയിലെ ചലനങ്ങളാണ് രൂപയൂടെ മൂല്യത്തെ സ്വാധീനിച്ചത്.
ഇന്നലെ 84.29 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. 84.50 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് ഇടിഞ്ഞ രൂപയൂടെ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചുവന്നിരുന്നു. രണ്ടു ദിവസത്തിനിടെ 19 പൈസയുടെ വരെ നേട്ടം ഉണ്ടാക്കിയ രൂപയാണ് ഇന്ന് കനത്ത ഇടിവ് നേരിട്ടത്
അതേസമയം ഓഹരി വിപണിയില്‍ നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 500 പോയിന്റ് വരെ കുതിച്ചു. നിലവില്‍ സെന്‍സെക്‌സ് 80,000 പോയിന്റിന് മുകളിലാണ്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം ടൈറ്റന്‍ കമ്പനി, അപ്പോളോ ആശുപത്രി, ഏഷ്യന്‍ പെയിന്റ്‌സ് ഓഹരികള്‍ നഷ്ടം നേരിട്ടു.