കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍-സീനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് പോയി. സംഭവത്തില്‍ 12 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കഴിഞ്ഞ ചൊവ്വാഴ്ച സ്‌കൂള്‍വിട്ട് വീട്ടിലേക്ക് പോകുന്നവഴിയില്‍ ഇരുപതോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഹിഷാമാണ് പരാതി നല്‍കിയത്.
കുന്നുമ്മല്‍ ഉപജില്ലാ സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. കോല്‍ക്കളിയില്‍ മത്സരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ അവരുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ റീലായി പോസ്റ്റ് ചെയ്തതാണ് അക്രമത്തിലേക്ക് നീണ്ടത്. ജൂനിയര്‍ വിദ്യാര്‍ഥികള്‍ അവരുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത റീലിന് കാഴ്ചക്കാര്‍ കൂടിയതോടെ ഇത് പിന്‍വലിക്കാര്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.
രണ്ടുദിവസംമുന്‍പ് ഇതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയിരുന്നു. അധ്യാപകര്‍ ഏറെ പരിശ്രമിച്ചാണ് അന്ന് സംഘര്‍ഷം ഒഴിവാക്കിയത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസത്തെ അക്രമം. പരിക്കേറ്റ ഇഷാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം സംഘട്ടനവുമായി ബന്ധപ്പെട്ട് കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 14 വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി സ്‌കൂളില്‍നിന്നും മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കുറ്റാരോപിതരുടെയും പരാതിക്കാരുടെയും രക്ഷിതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്