കണ്ണൂർ വളപട്ടണത്തെ വ്യാപാരിയുടെ വീട്ടിൽ നിന്ന് 300 പവൻ സ്വർണവും ഒരു കോടി രൂപയും കവർന്നത് അയൽവാസി. കേസിൽ വീട്ടുമ അഷ്റഫിന്റെ അയൽവാസി ലിജീഷ് അറസ്റ്റിലായി. കഴിഞ്ഞമാസം 20നായിരുന്നു മോഷണം. മോഷണം നടത്തിയത് അടുത്തറിയാവുന്ന ആളാണെന്ന് പൊലീസ് സംശയിച്ചിരുന്നു. ഫോൺ രേഖകളാണ് പ്രതിയെ കുടുക്കിയത്. മോഷണം നടന്ന ദിവസം പ്രതിയുടെ ഫോൺ സ്വിച്ച് ഓഫാണെന്ന് കണ്ടെത്തി. വെൽഡിങ് ജോലി ചെയ്യുന്ന ലിജീഷ് ലോക്കർ തുറക്കാൻ വിദഗ്‌ധനെന്നും പൊലീസ് പറഞ്ഞു. സംശയം തോന്നാതിരിക്കാൻ പ്രതി നാട്ടിൽ തന്നെ തുടരുകയായിരുന്നു.
വിവാഹത്തിൽ പങ്കെടുക്കാൻ മധുരയിൽ പോയ അഷ്റഫും കുടുംബവും നവംബർ 24ന് രാത്രിയിൽ മടങ്ങിയെത്തിയപ്പോളാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് പൊലീസിനെ അറിയിച്ചു. കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. വീട്ടിലെ സിസിടിവിയിൽ നിന്ന് വീടിനകത്ത് കടന്നത് ഒരാളാണെന്നും ഇയാൾ 20നും 21നും രാത്രിയിൽ വീട്ടിൽ കടന്നതായും തെളിഞ്ഞു. സിസിടിവിയിൽ മുഖം വ്യക്തമല്ലായിരുന്നു.അഷ്റഫിന്റെ നീക്കങ്ങൾ കൃത്യമായി അറിയുന്നയാളാണ് കവർച്ചയ്ക്ക് പിന്നിലെന്ന് അന്വേഷണസംഘം ഉറപ്പിച്ചിരുന്നു. രണ്ട് താക്കോലിട്ട് പ്രത്യേക രീതിയിൽ തുറക്കുന്ന ലോക്കറിനെ കുറിച്ച് അറിവില്ലാത്തയാൾക്ക് അത് തുറക്കാനാവില്ലെന്നായിരുന്നു പൊലീസ് നിഗമനം. അഷ്റഫ് ഉടനെ മടങ്ങിവരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് രണ്ടാമത്തെ ദിവസവും മോഷ്‌ടാവ് അകത്തുകടന്നത്. ഇതാണ് കുടുംബത്തെ അറിയാവുന്നയാളാണ് പ്രതിയെന്ന് ഉറപ്പിക്കാൻ കാരണം.
പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിന്റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്റഫിന്റെ അയൽവാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. തുടർന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അഷ്റഫിന്റെ വിവരങ്ങളെല്ലാം അറിയുന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് ആദ്യം മുതലെ സംശയിച്ചിരുന്നു.
മൂന്നുമാസം മുമ്പ് ഗൾഫിൽ പോയി തിരിച്ചുവന്ന ലിജീഷ് വളപട്ടണത്തെ വീട്ടിലെ ജനൽ ഇളക്കിയാണ് മോഷണം നടത്തിയത്. കഴിഞ്ഞ വർഷം കീച്ചേരിയിൽ മോഷണം നടത്തിയതും ജനൽ ഗ്രിൽ ഇളക്കിയായിരുന്നു. കീച്ചേരിയിൽ നിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവൻ സ്വർണവുമാണ് ലിജീഷ് കവർന്നത്. വളപട്ടണത്തെ മോഷണ കേസിൽ ലിജീഷ് പിടിയിലായതിന്റെ ആശ്ചര്യത്തിലാണ്
കണ്ടാൽ സാധുവായ ആരുമായും പ്രശ്‌നത്തിന് പോകാത്തയൊരാൾ ഇത്രവലിയ മോഷണ കേസിൽ അറസ്റ്റിലായതിന്റെ ആശ്ചര്യമുണ്ടെന്നും അടുത്തറിയുന്നവർക്ക് ചിലപ്പോൾ അയാളുടെ യഥാർഥ സ്വഭാവം അറിയുമായിരിന്നിരിക്കാമെന്നും നാട്ടുകാർ പറഞ്ഞു.
സ്വന്തം വീടിനുള്ളിലെ കട്ടിലിന് അടിയിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് ലിജീഷ് 300 പവനും പണവും സൂക്ഷിച്ചത്. വെൽഡിങ് തൊഴിലാളിയായ ലിജീഷ് കട്ടിലിനടിയൽ ലോക്കറുണ്ടാക്കുകയായിരുന്നു.അഷ്റഫി ന്റെ വീട്ടിൽ മോഷണം നടത്തിയതിനുശേഷം രണ്ടാം ദിനം വീണ്ടും ലിജീഷ്എ ത്തിയത് സ്വർണ്ണവും ബാക്കിയുള്ള പണവും
എടുക്കാനായിരുന്നുവെന്നും പൊലീസിന് മൊഴി നൽകി. ലിജീഷിനെ പിടികൂടിയതിന് പിന്നാലെ വളപട്ടണം പൊലീസ് സ്റ്റേഷനിൽ ലഡ്ഡു വിതരണം ചെയ്താണ് പൊലീസുകാർ ആഘോഷിച്ചത്. ഇത്രയും വലിയ മോഷണ കേസിലെ പ്രതിയെ തൊണ്ടിമുതൽ സഹിതം പിടികൂടാനായതിൻ്റെ ആശ്വാസത്തിലാണ് പൊലീസും നാട്ടുകാരും.