തിരൂർ :ആലത്തിയൂർ പഞ്ഞൻപടിയിൽ സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം.വിദ്യാർത്ഥികളടക്കം ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു. തിരൂരിൽ നിന്ന് പുറത്തൂരിലേക്ക് പോവുകയായിരുന്ന ബസും തിരൂർ ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കറുമാണ് അപകടത്തിൽ പെട്ടത്.
തിങ്കൾ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.പരിക്കേറ്റ ബസ് യാത്രക്കാരെ ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പടെ ബസിലുണ്ടായിരുന്നു.
ആരുടേയും പരിക്ക് ഗുരുതരമല്ല. പെട്രോളിയം ഉൽപ്പന്നവുമായി വരികയായിരുന്നു ടാങ്കർ. അപകടകാരണം വ്യക്തമായിട്ടില്ല.
ലോറിയിൽ ടാങ്കറിന്റെ ഭാഗത്താണ് ബസ് ഇടിച്ചത്. അപകടത്തെ തുടർന്ന് ബിപി അങ്ങാടി - ആലത്തിയൂർ റൂട്ടിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. തിരൂർ പൊലീസ് സ്ഥലത്തെത്തി.