കോഴിക്കോട് :കൂട്ടുകാരനോടൊപ്പം കുളിക്കാനിറങ്ങിയതിനിടയിൽ പുറമേരിയിൽ പാറക്കുളത്തിൽ മുങ്ങി മരിച്ച സൂര്യജിത്തിന് വിട നൽകി നാട്.പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം കെ ആർ ഹൈസ്‌കൂൾ അങ്കണത്തിൽ പൊതുദർശനത്തിന് വച്ച സൂര്യജിത്തിന്റെ മൃതദേഹം ഇന്ന് വൈകിട്ട് 6 മണിയോടെ പുറമേരി വീട്ടുവളപ്പിൽ സംസ്കരിച്ചുസൂര്യജിത്തിൻ്റെ വേർപാട് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല ഉറ്റവർക്കും ഉടയവർക്കും .
ജീവിത പ്രാരാബ്‌ധങ്ങൾക്കിടയിലും നിഷ്കളങ്കമായ അവന്റെ കളിചിരികളോർത്ത് വിതുമ്പുകയാണ് പ്രിയപ്പെട്ടവർ.പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂകൂളിലെ പ്ലസ് വൺ വിദ്യാർത്ഥി പുറമേരി അറാം വെള്ളിയിലെ നടുക്കണ്ടിൽ സൂര്യജിത്ത് (16 ) ആണ് ഇന്നലെ പാറക്കുളത്തിൽ മുങ്ങി മരിച്ചത്.
വീട്ടിൽ വൈദ്യുതി വെളിച്ചം ലഭിച്ചതിന്റെ സന്തോഷം പങ്കു വെക്കാൻ ക്ഷണിച്ചു വരുത്തിയ കൂട്ടുകാരനൊപ്പം വീടിന് സമീപത്തെ കുളിക്കാനിറങ്ങിയതായിരുന്നു സൂര്യജിത്ത്.നീന്തൽ അറിയാവുന്ന തൂണേരി സ്വദേശിയായ വിദ്യാർത്ഥി സമീപത്തെ ക്ലബിൽ ഉണ്ടായിരുന്ന ആളുകളെ വിളിച്ചു വരുത്തി.
ഇവർ നടത്തിയ തെരച്ചിലിൽ പത്ത് മിനിറ്റിന് ശേഷമാണ് കുളത്തിന് അടിയിലെ ചെളിയിൽ കുടുങ്ങിയ കുട്ടിയെ കണ്ടത്. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മരപ്പണിക്കാരനായ ശശിയുടെയും മോനിഷയുടെയും മകനാണ് സൂര്യജിത്ത്.
മുതുവടത്തൂർ സ്വദേശികളായ ശശിയും കുടുംബവും ഒരു വർഷം മുമ്പാണ് അറാം വെള്ളിയിൽ വീട് നിർമിക്കാനായി സ്ഥലം വാങ്ങിയത്.
ഇവിടെ താൽക്കാലിക ഷെഡ് കെട്ടിയാണ് ശശിയും ഭാര്യയും രണ്ട് മക്കളും താമസിച്ചിരുന്നത്.ഇവിടെ വൈദ്യുതി കണക്ഷൻ ലഭിച്ചിരുന്നില്ല.മണ്ണെണ്ണ വിളക്കിന്റെയും മെഴുതിരി വെളിച്ചത്തിന്റെയും സഹായത്തോടെയാണ് സൂര്യജിത്തും സഹോദരി തേജാ ലക്ഷ്‌മിയും പഠിച്ചിരുന്നത്.
കഴിഞ്ഞ ദിവസമാണ് ഈ വീട്ടിൽ വൈദ്യതി കണക്ഷൻ ലഭിച്ചത്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ വന്ന സന്തോഷം പങ്കുവെക്കാനാണ് തന്റെ സഹപാഠിയായ തൂണേരി സ്വദേശി കൂട്ടുകാരനെ സൂര്യജിത് വീട്ടിലേക്ക് ക്ഷണിച്ചത്.പ്ലസ് വൺ ക്ലാസിലെ മിടുക്കനായ വിദ്യാർത്ഥിയുടെ വേർപാട് സഹപാഠികൾക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.
കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ജ്യോതിലക്ഷ്മി, പുറമേരി പ്രസിഡന്റ് കെ രമേശൻ, വിവിധ രാഷ്ട്രീയ പാർട്ടി
പ്രാധിനിധികളായ കെ ടി കെ ബാലകൃഷ്ണൻ, അശോകൻ കൂനാരമ്പത്ത്, ഷംശുദ്ധീൻ മഠത്തിൽ,
രാജ ഗോപാൽ, ആർ കുമാരൻ വാർഡ് മെമ്പർ കെ കെ ബാബു ഷമീർ മാസ്റ്റർ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു