തിരുവമ്പാടി:
നാനാജാതി മതസ്ഥരുടെ സമഗ്രവികസനത്തിനായി താമരശ്ശേരി രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയായ സിഒഡി നടത്തുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ള. സിഒഡിയുടെ 35മത് വാർഷികാഘോഷം തിരുവമ്പാടി പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയോര കുടിയേറ്റമേഖലയുടെ
വളർച്ചക്ക് താമരശ്ശേരി രൂപതയും സിഒഡിയും നൽകിയ സംഭാവനകൾ നിസ്തുലമാണ്. ക്രിസ്തു പകർന്നുനൽകിയ കരുണയുടെ സന്ദേശം പ്രവർത്തികളിലൂടെ അനേകരിൽ എത്തിക്കുകയാണ് സിഒഡി.
താമരശ്ശേരി രൂപത ബിഷപ്പും സിഒഡിയുടെ
രക്ഷാധികാരിയുമായ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. ഫാ. അബ്രാഹം പുളിഞ്ചുവട്ടിലിന്റെ അഗ്രികൾച്ചറൽ റിസർച്ച് തീസിസ് ഗവർണർ പ്രകാശനം ചെയ്തു. രൂപതയുടെ സ്ഥാപനങ്ങളായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആൻഡ് അഗ്രികൾച്ചറൽ എത്തിക്സിന്റെയും (ഇഫ)താമരശ്ശേരി അഗ്രികൾച്ചറൽ ഫാർമേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും
(ടാഫ്‌കോസ്) വെബ്സൈറ്റ് ഗവർണർ ലോഞ്ചിങ്ങ് നടത്തി. സിഒഡിയുടെ ആരംഭം മുതൽ 35 വർഷക്കാലം സേവനം ചെയ്ത പ്രോഗ്രാം കോർഡിനേറ്റർ കെസി ജോയിയെ ആദരിച്ചു.
വികാരി ജനറാൾ മോൺ. അബ്രാഹം വയലിൽ, തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ്, കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, ഫൊറോന വികാരി ഫാ. തോമസ് നാഗപ്പറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സിഒഡി
ഡയറക്ടർ ഫാ. സായി
പാറൻകുളങ്ങര സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ജോയി കെസി നന്ദിയും പറഞ്ഞു.
തിരുവമ്പാടി ടൗണിൽ വർണശബളമായ ഘോഷയാത്ര നടത്തി.