കോഴിക്കോട് : കനത്ത മഴയെത്തുടർന്ന് കൊയിലാണ്ടി അരിക്കുളത്ത് കിണർ ഇടിഞ്ഞു താഴ്ന്നു. പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.
അരിക്കുളം നടുവിലടത്ത് മീത്തല്‍ കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ കിണറാണിത്. കാനത്ത് മീത്തല്‍ ബിജുവിന്റെ വീടിനോട് ചേർന്ന കിണർ ഉഗ്ര ശബ്ദത്തോടെ ഇടിഞ്ഞു താഴുകയായിരുന്നു. രാത്രി 7 മണിയോടെയാണ് സംഭവമുണ്ടായത്. സമീപത്തെ വീട് അപകട ഭീഷണിയിലാണ്. കോഴിക്കോട് ജില്ലയില്‍ റെഡ് അലർട്ട് തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് മഴ തുടരുകയാണ്. നിലവില്‍ 5 ജില്ലകളില്‍ ഓറഞ്ച് അലർട്ട് നിലവിലുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ റെഡ് അലർട്ട് തുടരുകയാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ യെല്ലോ അലർട്ട് ആണുള്ളത്. കനത്ത മഴയെത്തുടർന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. തൃശൂർ, കാസർഗോഡ്, മലപ്പുറം, ആലപ്പുഴ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ഫിൻജാല്‍ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളില്‍ ന്യുനമർദ്ദമായി വീണ്ടും ശക്തി കുറഞ്ഞു.ഇന്നോട് വടക്കൻ കേരളം - കർണാടകയ്ക്ക് മുകളിലൂടെ അറബിക്കടലില്‍ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പരക്കെ മഴ തുടരുകയാണ്. നാളെ വരെ അതിശക്തമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. ഫെഞ്ചാൻ ചുഴലികാറ്റിൻ്റെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്. നാളെയോടെ മഴയുടെ ശക്തി കുറയുമെന്നും മുന്നറിയിപ്പുണ്ട്.