കുന്ദമംഗലം : ഓട്ടം കഴിഞ്ഞ് റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളുടെ ബാറ്ററികൾ മോഷണം പോകുന്നത് പതിവാകുന്നു. ലോറി, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങളുടെ ബാറ്ററികളാണ് അധികവും മോഷണം പോകുന്നത്. ബൈക്കിന്റെ ടയറും ഊരിക്കൊണ്ടുപോയ സംഭവങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി വര്യട്ട്യാക്കിൽ നിർത്തിയിട്ട മത്സ്യവിൽപ്പനക്കാരന്റെ ഓട്ടോയുടെ ബാറ്ററി കള്ളൻ ഊരിക്കൊണ്ടു പോയിരുന്നു. ഇതിന് മുമ്പ് മിനി ലോറിയുടെ ബാറ്ററിയും മോഷണം പോയിരുന്നു.
പതിമംഗലത്തും ബൈക്കിന്റെ ടയറും ബാറ്ററിയും രാത്രിയിൽ മോഷ്ടിച്ചിരുന്നു. ഇത്തരത്തിലുള്ള നിരവധി പരാതികളാണ് കുന്ദമംഗലത്തും പരിസരത്തും ഉയരുന്നത്. പോലീസിൽ പരാതിപ്പെടാൻ പലരും മടിക്കുന്നതിനാൽ മോഷ്ടാക്കൾക്ക് ബലമാവുകയാണിത്. റോഡരികിൽ രാത്രി സമയങ്ങളിൽ പാർക്ക് ചെയ്യേണ്ട സാഹചര്യം വന്നാൽ സി.സി.ടി.വി. ലൊക്കേഷൻ ഉള്ള കടയുടെയോ, പെട്രോൾ പമ്പിന്റെയോ മുന്നിലോ നിർത്താൻ ശ്രദ്ധിക്കണമെന്ന് ഡ്രൈവർമാർ വാട്‌സാപ്പ് വഴി നിർദേശം നൽകുന്നുണ്ട്