ഹൈദരാബാദ്: 78ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ ഡിസംബർ 14 മുതൽ 31 വരെ ഹൈദരാബാദിൽ നടക്കും. 12 ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടും. ഗോവ, ഡൽഹി, തമിഴ്നാട്, ഒഡിഷ, മേഘാലയ എന്നിവരുൾപ്പെടുന്ന ഗ്രൂപ് ബിയിലാണ് മുൻ ചാമ്പ്യന്മാരായ കേരളം. ‘എ’യിൽ സർവിസസ്, ബംഗാൾ, മണിപ്പൂർ, തെലങ്കാന, ജമ്മു- കശ്മീർ, രാജസ്ഥാൻ എന്നിവരും ഇറങ്ങും.
പ്രാഥമിക റൗണ്ടിലെ ഒമ്പത് ഗ്രൂപ് ജേതാക്കളും കഴിഞ്ഞ വർഷത്തെ ജേതാക്കളായ സർവിസസ്, റണ്ണേഴ്സ് അപ്പ് ഗോവ, ആതിഥേയരെന്ന നിലയിൽ തെലങ്കാനയുമാണ് ഫൈനൽ റൗണ്ടിൽ കടന്നത്. രണ്ട് ഗ്രൂപ്പിലെയും ആദ്യ നാല് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കും. ക്വാർട്ടർ 26, 27 തീയതികളിലും സെമി ഫൈനൽ 29നും ഫൈനൽ 31നും നടക്കും. ഗ്രൂപ്, ക്വാർട്ടർ മത്സരങ്ങൾക്ക് ഡെക്കാൻ അറീനയും സെമിക്കും ഫൈനലിനും ജി.എം.സി ബാലയോഗി സ്റ്റേഡിയവും വേദിയാവും.