കണ്ണൂർ: വളപട്ടണം മന്നയിൽ നിന്നും മോഷണം പോയ പണത്തിനും സ്വർണാഭരണങ്ങൾക്കും കൃത്യമായ സ്രോതസുണ്ടെന്ന് ഉടമ കെപി അഷ്റഫ്. കണ്ണൂർ ജില്ലയിലെ പ്രമുഖ അരി വ്യാപാര സ്ഥാപനമായ അഷ്റഫ് ട്രേഡേഴിന്റെ ഉടമയാണ് അഷ്റഫ്. അരി വ്യാപാരത്തിൻ്റെ ഭാഗമായി വീട്ടിൽ സൂക്ഷിച്ച ഒരു കോടിയോളം രൂപ മോഷണം പോയെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.
ഇതിനൊപ്പം ലോക്കറിൽ സൂക്ഷിച്ച് 300 പവൻ സ്വർണം -വജ്രാഭരണങ്ങൾ മോഷണം പോയെന്നും പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് പ്രതിയും അയൽവാസിയുമായ ലിജീഷിന്റെ വീട്ടിൽ നിന്നും പിടികൂടിയത് 1,21,42,000 രൂപയും 267 പവൻ ആഭരണങ്ങളുമാണ്. പണത്തിലുള്ള വർധനവും ആഭരണത്തിലുള്ള കുറവും എന്തുകൊണ്ടാണെന്ന് അന്വേഷിക്കുന്നുണ്ട്.
മോഷണ കേസിൻ്റെ അന്വേഷണം പൂർത്തിയായാൽ പണത്തിന്റെ സ്രോതസിനെ കുറിച്ചു അന്വേഷിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. അജിത്ത് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.സംസ്ഥാനത്ത് തന്നെ അപൂർവ്വമായ വൻകവർച്ചയുടെ വിവരങ്ങൾ പുറത്ത് വന്നത് മുതൽ ഇത്രയും തുകയും വിലപ്പിടിപ്പുള്ള ആഭരണങ്ങളും വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചുവെന്ന ചോദ്യം അഷ്റഫിന് നേരെ ചിലർ ഉന്നയിച്ചിരുന്നു.
കളക്ഷൻ തുക സാധാരണ വീട്ടിലെ അത്യധികം സുരക്ഷയുള്ള ലോക്കറിലാണ് സൂക്ഷിക്കാറുള്ളതെന്നായിരുന്നു മറുപടി. ബാങ്ക് ലോക്കറിനെക്കാൾ സുരക്ഷിതമായതുകൊണ്ടാണ് വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചതെന്നായിരുന്നു അഷ്റഫ് പൊലിസിന് നൽകിയ മൊഴി. തങ്ങൾ കുടുംബസമേതം വീടു പൂട്ടി ചിലപ്പോഴൊക്കെ പോകാറുണ്ടെന്നാണ് അഷ്റഫ് പറയുന്നത്. ഇത്തരത്തിലാണ് കഴിഞ്ഞ നവംബർ 19 ന് മധുരവിരുത് നഗറിലുള്ള ഒരു സുഹൃത്തിൻ്റെ വീട്ടിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയത്.
ആഭരണങ്ങളും പണവും വെച്ച ലോക്കറിന്റെ താക്കോൽ മറ്റൊരു അലമാരയിൽ വെച്ചു പൂട്ടുകയും ഇതിന്റെ താക്കോൽ മറ്റൊരു അലമാരയിൽ പൂട്ടുകയും ചെയ്‌തിരുന്നു. ഇതു തപ്പിയെടുത്താണ് ലിജീഷ് മോഷണം 4 നടത്തിയത്.