കോഴിക്കോട് : ഞായറാഴ്ച രാവിലെ ജില്ലാ ജയിലിന്റെ ഓടിളക്കി ചാടിരക്ഷപ്പെട്ട പ്രതിയെ കൺട്രോൾ റൂം പോലീസ് പിടികൂടി. പന്നിയങ്കര പോലീസ് രജിസ്റ്റർചെയ്ത മോഷണക്കേസിലെ പ്രതി പുതിയങ്ങാടി നടുവിലകം വീട്ടിൽ മുഹമ്മദ് സഫാദിനെയാണ് (24) ചൊവ്വാഴ്ച രാത്രി വെസ്റ്റ്ഹിൽ അത്താണിക്കലിൽവെച്ച് പിടികൂടിയത്.
പോലീസ് കൺട്രോൾ റൂമിൽ രാത്രി 7.45-ഓടെയാണ് അജ്ഞാതന്റെ ടെലിഫോൺ സന്ദേശമെത്തിയത്. ജയിൽചാടിയ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ അത്താണിക്കൽ അങ്ങാടിയിൽ മാസ്ക് ധരിച്ച് ഉണ്ടെന്നതായിരുന്നു സന്ദേശം.ഉടൻതന്നെ ആ ഭാഗത്ത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പോലീസ് അവിടെയെത്തി. പോലീസ് സമീപത്തേക്ക് ചെന്നതോടെ അയാൾ ഓടി.
പതിനഞ്ചുമിനിറ്റോളം പോലീസിനെ ഓടിച്ചെങ്കിലും കാർ ഷോറൂമിന് പിൻവശത്തുവെച്ച് എട്ടുമണിയോടെ പിടികൂടി.കൺട്രോൾ റൂം സീനിയർ സി.പി.ഒ.മാരായ പി. മുക്തി ദാസ്, കെ.കെ. ധനീഷ്, ഡ്രൈവർ കെ. അജിത്ത് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ കസബ പോലീസിന് കൈമാറി. ഞായറാഴ്ച 10 മണിക്ക് ജയിൽവരാന്തയിൽ എല്ലാവരും ടി.വി.യിൽ സിനിമ കാണുന്ന തക്കത്തിൽ രണ്ടാംനിലയിലെ കെട്ടിടത്തിലെ ഓടുനീക്കി പുറത്തേക്കുചാടി രക്ഷപ്പെടുകയായിരുന്നു.