താമരശ്ശേരി: താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ കുട്ടിയുടെ സ്വർണം കവർന്ന സ്ത്രീയെ പിടികൂടി പോലീസിൽ ഏൽപിച്ചു. കുട്ടിയുടെ മാതാവ് ബഹളം വെച്ചതോടെ കടന്നുകളഞ്ഞ സ്ത്രീയെ സെക്യൂരിറ്റി ജീവനക്കാരും, ആശുപത്രി ജീവനക്കാരും, നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കുട്ടികളുടെ ഒപിയിൽ മാതാവിനൊപ്പം ക്യൂ നിൽക്കുകയായിരുന്ന കുട്ടിയുടെ കാലിലെ സ്വർണ പാദസരമാണ് കവർന്നത്. നഷ്ടപ്പെട്ട പാദസരം ഇവരിൽ നിന്നും കണ്ടെടുത്തു.
അടുത്തിടെയായി അടിവാരം- താമരശ്ശേരി റൂട്ടിൽ ബസ് യാത്രയ്ക്കിടെ കൊച്ചു കുട്ടികളുടെ ആഭരണം നഷ്ടപ്പെടുന്നത് പതിവായിരുന്നു. താമരശ്ശേരി മൂന്നാംതോട് സ്വദേശിനിയുടെ കുഞ്ഞിന്റെ പാദസരവും നഷ്ടപ്പെട്ടിരുന്നു.