കോഴിക്കോട്: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ എലത്തൂര്‍ ഡിപ്പോയില്‍ നിന്ന് ഡീസല്‍ ചോര്‍ച്ച. ഡിപ്പോയില്‍ നിന്ന് ഡീസല്‍ ഓവുചാലിലേക്ക് ഒഴുകിയെത്തി. ഡിപ്പോയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് ഡീസല്‍ പുറത്തേക്ക് ഒഴുകിയെത്തിയത്. വൈകീട്ട് ആറ് മണിയോടെയാണ് ഡീസല്‍ ചോര്‍ച്ച കണ്ടെത്തിയത്.
ഓവുചാലുകളിലേക്ക് ഒഴുകിയെത്തിയ ഡീസല്‍ ശേഖരിക്കാന്‍ നാട്ടുകാര്‍ കൂടിയതും ആശങ്കയ്ക്കിടയാക്കി. നാട്ടുകാരുടെ പരാതിയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയും അധികൃതര്‍ പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഡിപ്പോയിലെ മുന്നറിയിപ്പ് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ഇന്ധനം നിറഞ്ഞൊഴുകിയതാണെന്നാണ് എച്ച്പിസിഎല്‍ അധികൃതരില്‍ നിന്നുള്ള വിശദീകരണം. ഇത് പരിഹരിച്ചിട്ടുണ്ട്. 600 ലിറ്ററോളം ഇന്ധനം ചോര്‍ന്നുവെന്നാണ് വിവരം.
അതേസമയം ജനങ്ങള്‍ സ്ഥലത്ത് പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. മുമ്പും ഇത്തരത്തില്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. സുരക്ഷിതമല്ലാത്ത രീതിയിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതെന്ന് പറഞ്ഞ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിട്ടുണ്ട്.