ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫൈനല്‍ ഇന്ന്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ് പോരാട്ടം. നിലവിലെ ചാംപ്യന്‍മാരായ ബംഗ്ലാദേശ് കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യ 9ാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഇന്ന് രാവിലെ 10.30 മുതലാണ് പോരാട്ടം.
ആദ്യ മത്സരത്തില്‍ ചിര വൈരികളായ പാകിസ്ഥാനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി തുടങ്ങിയ ഇന്ത്യ പിന്നീട് അപരാജിത മുന്നേറ്റം നടത്തിയാണ് ഫൈനല്‍ ഉറപ്പിച്ചത്. ജപ്പാന്‍, യുഎഇ ടീമുകളെ വീഴ്ത്തി സെമി ഉറപ്പിച്ച ഇന്ത്യ അവസാന നാലിലെ പോരില്‍ ശ്രീലങ്കയെ തകര്‍ത്താണ് കലാശപ്പോരിനെത്തുന്നത്.
അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ ടീമുകളെ തോല്‍പ്പിച്ച ബംഗ്ലാദേശ് മൂന്നാം പോരില്‍ ശ്രീലങ്കയോടു പരാജയപ്പെട്ടിരുന്നു. എന്നാല്‍ സെമിയില്‍ പാകിസ്ഥാനെ തകര്‍ത്താണ് തുടരെ രണ്ടാം തവണയും അവര്‍ ഫൈനലിലേക്ക് കടന്നത്.
മിന്നും ഫോമില്‍ കളിക്കുന്ന 13 കാരന്‍ വൈഭവ് സൂര്യ വംശിയുടെ മികവിലാണ് ഇന്ത്യന്‍ പ്രതീക്ഷ. ഐപിഎല്‍ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ താരം നേരത്തെ തന്നെ ശ്രദ്ധേയനായിരുന്നു. ആദ്യ കളികളില്‍ പരാജയപ്പെട്ട താരം അവസാന ഗ്രൂപ്പ് പോരിലും സെമിയിലും അര്‍ധ സെഞ്ച്വറികളുമായി ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.