മുക്കം : ‘‘നട്ടുനനച്ച് വളർത്താനേ ഞങ്ങൾക്കിപ്പോൾ കഴിയാറുള്ളൂ. വിളവെടുക്കുന്നത് കാട്ടുപന്നികളാണ്! വാഴ, ചേമ്പ്, മധുരക്കിഴങ്ങ് തുടങ്ങി ഒന്നും കൃഷിചെയ്യാനാവുന്നില്ല. കൃഷിയോടുള്ള താത്പര്യംകൊണ്ടാണ് ലാഭമില്ലെന്നറിഞ്ഞിട്ടും മണ്ണിലിറങ്ങുന്നത്’’ -കർഷകനായ മണാശ്ശേരി സ്വദേശി വിനോദിന്റെ വാക്കുകളിലുണ്ട്, മലയോരമേഖലയിലെ കർഷകരുടെ നിസ്സഹായത അത്രയും.
നെറ്റിലാംപുറത്ത് വിനോദിന്റെ ഇരുന്നൂറോളം വാഴകളാണ് കഴിഞ്ഞദിവസങ്ങളിൽ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. മധുരക്കിഴങ്ങ്, ചേമ്പ്, കപ്പ, പച്ചക്കറി തുടങ്ങിയവയും നശിപ്പിച്ചവയിൽപ്പെടുന്നു. കഴിഞ്ഞ സീസണിൽ 700 വാഴകളാണ് വിനോദ് വെച്ചുപിടിപ്പിച്ചത്. കാലവർഷത്തിലെ വെള്ളപ്പൊക്കത്തിൽ 450 വാഴകൾ നിലംപൊത്തി. ഇൻഷുർ ചെയ്തിരുന്നെങ്കിലും ഇതുവരെ പണം കിട്ടിയില്ലെന്ന് വിനോദ് പറഞ്ഞു. എന്നിട്ടും പതറാതെ നട്ടുവളർത്തിയ വാഴകളാണ് കാട്ടുപന്നികൾ ഇല്ലാതാക്കിയത്.
ഇൻഷുർചെയ്ത, കുലച്ച വാഴകൾക്ക് 300 രൂപയും കുലയ്ക്കാത്തവയ്ക്ക് 150 രൂപയുമാണ് നഷ്ടപരിഹാരമായി സർക്കാർ നൽകുന്നത്. കാട്ടുപന്നികൾ നശിപ്പിക്കുന്ന വാഴയ്ക്ക് കർഷകർക്ക് നഷ്ടപരിഹാരംനൽകാൻ വ്യവസ്ഥയുണ്ടെങ്കിലും തുക അപര്യാപ്തമാണെന്ന് കർഷകർ പറയുന്നു. ഒരു വാഴ കുലയ്ക്കാറാകുമ്പോഴേക്കും 150 മുതൽ 200 വരെ കർഷകന് ചെലവുവരും, അധ്വാനംവേറെയും. പക്ഷേ, കുലയ്ക്കാത്ത വാഴയൊന്നിന് നഷ്ടപരിഹാരമായി കർഷകർക്ക് ലഭിക്കുന്നത് 150 രൂപമാത്രവും.
കൈക്കലാട്ട് വേലായുധൻ, വെള്ളാത്തൂർ ശശി, സുമതി, പള്ളിപുറത്ത് അനിൽ, നെറ്റിലാംപുറത്ത് ബാലകൃഷ്ണൻ, മണി, സന്തോഷ് എന്നിവരുടെ വാഴ, തെങ്ങിൻതൈ, കിഴങ്ങുവർഗങ്ങൾ എന്നിവയും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. മലയോരമേഖലയിലെ മിക്ക തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും വന്യജീവികൾ കൃഷിനശിപ്പിക്കുന്നത് പതിവാണെന്ന് കർഷകർ പറയുന്നു. മതിലുകളും കമ്പിവേലികളുമുൾപ്പെടെയുള്ള തടസ്സങ്ങൾ നീക്കിയാണ് വന്യജീവികൾ കൃഷിയിടത്തിലെത്തുന്നത്. പകൽ സമയങ്ങളിലുള്ള ഇവയുടെ വിഹാരം കർഷകർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയാണ്