റിയാദ്: റിയാദിൽ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുദുറഹീമിന്റെ മോചനം വൈകും. ഇന്ന് റിയാദ് ക്രിമിനൽ കോടതിയിൽ രാവിലെ വാദം പൂർത്തിയായി. കേസിൽ മറ്റൊരു ദിവസം വിധി പറയും.15 മില്യൻ റിയാൽ മോചനദ്രവ്യം നൽകിയതോടെ വധശിക്ഷയെന്ന ആവശ്യത്തിൽ നിന്ന് കൊല്ലപ്പെട്ട സഊദി പൗരന്റെ കുടുംബം പിൻവാങ്ങിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളിലാണ് ഇനി കോടതി തീരുമാനം വേരേണ്ടത്. ഇതിന്റെ വാദമാണ് ഇപ്പോൾ നടന്നുവരുന്നത്. കഴിഞ്ഞ രണ്ടുസിറ്റിംഗിലും ഇത് സംബന്ധിച്ച് വാദം നടന്നിരുന്നു.പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങൾ അവസാനിച്ചുള്ള അന്തിമ വിധിയും ഒപ്പം മോചന ഉത്തരവും നൽകുമെന്നാണ് വിശ്വാസമെന്ന് അബ്‌ദുൽ റഹീമിൻ്റെ കുടുംബം വ്യക്തമാക്കി. കഴിഞ്ഞ നവംബർ 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു. പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങളുടെ ഭാഗമായ അന്തിമ ഉത്തരവ് റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് നിർണായകമാണ്. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റിയാദ് അൽ ഖർജ് റോഡിലെ അൽ ഇസ്‌കാൻ ജയിലിലെത്തി അബ്‌ദുൽ റഹീമും മാതാവ് ഫാത്തിമയുംകഴിഞ്ഞ തിങ്കളാഴ്‌ച നേരിൽ കണ്ടു സംസാരിച്ചിരുന്നു.
അബ്‌ദുൽ റഹീം തന്റെ
26-ാം വയസ്സിൽ 2006-ലാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്.
സ്പോൺസർ ഫായിസ് അബ്‌ദുല്ല അബ്‌ദുൽ
റഹ്മാന് അല്ഷഹ്രിയുടെ മകൻ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി.
കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത
അനസിന് ഭക്ഷണം നൽകിയിരുന്നത്
കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിംഗിനായി പുറത്തു
പോകുമ്പോൾ ട്രാഫിക് സിഗ്നൽ കട്ട് ചെയ്യാൻ
ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു.
ഇത് അനുസരിക്കാതിരുന്ന അബ്ദുൽ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി.
ഇത് തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ
കൈ കഴുത്തിലെ ഉപകരണത്തിൽ
തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ
കൊലക്കുറ്റം ചുമത്തി അറസ്റ്റ്
ചെയ്യുകയായിരുന്നു.
ഉന്നതർ അടക്കമുള്ളവർ ഇടപെടൽ നടത്തിയെങ്കിലും കുടുംബം മാപ്പ് നൽകാൻ തയ്യാറായിരുന്നില്ല. നിരന്തരമായി നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് 34 കോടി രൂപ ദയാധനം എന്ന ഉപാധിയിൽ കുട്ടിയുടെ കുടുംബം മാപ്പു നൽകിയത്. ഇതിന് ശേഷം ലോകമെമ്പാടുമുള്ള മലയാളികൾ ചേർന്ന് ക്രൗഡ് ഫണ്ടിങ് വഴി ഈ പണം സമാഹരിക്കുകയായിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ടാണ് റഹീമിന്റെ ശിക്ഷ ഒഴിവാക്കാനായുള്ള 34 കോടി രൂപ സ്വരൂപിച്ചത്.