കൊച്ചി:ബാങ്കോക്കില്‍ നിന്ന് കടത്തിയ മൂന്നര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവാവ് നെടുമ്പാശേരിയില്‍ പിടിയില്‍. ഭക്ഷണ, മിഠായി പൊതിക്കുളില്‍ ഒളിപ്പിച്ചു കടത്തിയ പന്ത്രണ്ട് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി ഉസ്മാനെയാണ് കസ്റ്റംസ് പിടികൂടിയത്. രണ്ട് മാസത്തിനിടെ പതിനഞ്ച് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി നെടുമ്പാശേരിയില്‍ കസ്റ്റംസിന്‍റെ പിടിയിലായത് ആറ് പേരാണ്
ബാങ്കോക്കില്‍ നിന്ന് തായ് എയര്‍വേയ്സിന്‍റെ വിമാനത്തിലാണ് ഉസ്മാന്‍ നെടുമ്പാശേരിയിലെത്തിയത്. ലഗേജിന്‍റെ ഭൂരിഭാഗവും തായ് ലാന്‍ഡിലെ മിഠായി പായ്ക്കറ്റുകളും ഭക്ഷണപൊതികളും. സംശയതോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഓരോപായ്ക്കറ്റുകളും തുറന്ന് പരിശോധിച്ചു.
മുന്തിയ ഇനം കഞ്ചാവ് അതിവിദഗ്ദമായാണ് ഒളിപ്പിച്ചിരുന്നത്. നെടുമ്പാശേരിയില്‍ രണ്ട് മാസത്തിനിടെ പിടിയിലാകുന്ന ആറാമത്തെ ആളാണ് ഉസ്മാന്‍. ബാങ്കോക്കില്‍ നിന്ന് കേരളത്തിലേക്കുള്ള ഹൈബ്രിഡ് കഞ്ചാവിന്‍റെ കടത്ത് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. രണ്ട് മാസത്തിനിടെ 41 കിലോ കഞ്ചാവാണ് നെടുമ്പാശേരിയില്‍ മാത്രം പിടികൂടിയത്. നവംബര്‍ മുപ്പതിന് എട്ട് കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശി ഫവാസിനെ കസ്റ്റംസ് പിടികൂടിയിരുന്നു. 17 ബാഗുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
ഏഴ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി നവംബര്‍ പതിനഞ്ചിന് മൂന്ന് പേര്‍ പിടിയിലായി. മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവര്‍ പതിനാല് കിലോ കഞ്ചാവാണ് കടത്തിയത്. തിരുവനന്തപുരം സ്വദേശി വൈശാഖ് മോഹനനില്‍ നാലരകിലോ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ബാങ്കോക്കില്‍ ഉത്പാദിപ്പിക്കുന്ന ഹൈബ്രിഡ് കഞ്ചാവിന്‍റെ രാജ്യത്തെ മൊത്തവിതരണക്കാരില്‍ ഭൂരിഭാഗവും മലയാളികളാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്