ഫറോക്ക്: ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട് സ്ത്രീയുടെ നാലേകാല്‍ പവന്‍ സ്വര്‍ണം തട്ടിയെടുത്ത യുവാവിനെ ഫറോക്ക് പോലീസ് പിടികൂടി. പരപ്പനങ്ങാടി കൊട്ടത്തറ ഉള്ളിശ്ശേരിവീട്ടില്‍ വിവേക് (31) നെയാണ് ഫറോക്ക് സ്റ്റേഷന്‍ ഓഫീസര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
വൈദ്യരങ്ങാടി സ്വദേശിനിയെ ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട വിവേക് സ്വര്‍ണം തട്ടിയെടുത്തശേഷം മുങ്ങിനടക്കുകയായിരുന്നു. സ്വര്‍ണം വിറ്റശേഷം ആ പണം ഉപയോഗിച്ച് തിരൂരങ്ങാടിയിലെ ലോഡ്ജില്‍ മുറിയെടുത്ത് ആഡംബരജീവിതം നയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വിവേക് ലോഡ്ജില്‍ ഒളിച്ചുതാമസിക്കുന്ന വിവരമറിഞ്ഞ ഫറോക്ക് സ്റ്റേഷന്‍ ഓഫീസര്‍ ശ്രീജിത്തും എ.എസ്.ഐ. അബ്ദുള്‍റഹിം, സി.പി.ഒ. അഷറഫ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ചെട്ടിപ്പടിയിലെ സ്വര്‍ണക്കടയില്‍ സ്വര്‍ണം വിറ്റവിവരം അറിയുന്നത്.ഫറോക്ക് എസ്.ഐ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം ചെട്ടിപ്പടിയിലെ ജൂവലറിയിലെത്തി സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. സി.പി.ഒ.മാരായ സാബു, ജിതിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.