തിരുവനന്തപുരം :തിരുവനന്തപുരത്ത് വീണ്ടും കുഞ്ഞിനോട് ക്രൂരത. നാലുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേൽപ്പിച്ചു.മർദന വിവരം പുറത്തുപറയരുതെന്ന് ടീച്ചർ ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞുപറഞ്ഞതായി കുടുംബം.
കുഞ്ഞ് നടക്കാൻ ബുദ്ധിമുട്ടുന്നതായി ശ്രദ്ധിച്ച വീട്ടുകാർ കുഞ്ഞിന് സ്വകാര്യ ഭാഗത്ത് കടുത്ത വേദനയും നീറ്റലുമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കുട്ടിയോട് ചോദിച്ചപ്പോഴാണ് ടീച്ചർ ചെയ്തതാണെന്ന് കുട്ടി തുറന്നുപറഞ്ഞത്.സ്കൂൾ അധികൃതരെ വിളിച്ച് വിവരം പറഞ്ഞപ്പോൾ അവർ തങ്ങളോട് മാപ്പുപറഞ്ഞെന്നും അധ്യാപികയെ മാറ്റാമെന്ന് ഉറപ്പുപറഞ്ഞെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.
കുഞ്ഞ് എൽകെജിയിലാണ് പഠിക്കുന്നത്. ഇന്നലെയാണ് സംഭവം നടന്നത്. വീട്ടുകാർ സ്കൂൾ അധികൃതരോട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ മാനേജ്മെന്റ് അധ്യാപികയോട് വിശദീകരണം തേടിയിരുന്നു.എന്നാൽ താൻ കുഞ്ഞിനെ ഉപദ്രവിച്ചില്ലെന്ന വാദത്തിൽ അധ്യാപിക ഉറച്ചുനിന്നു.
പിന്നീട് സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശക്തമായ തെളിവുകൾ മാനേജ്മെന്റിന് ലഭിക്കുന്നത്.
സംഭവത്തിൽ ഇപ്പോൾ കുടുംബം പൊലീസിലും പരാതി നൽകിയിട്ടുണ്ട്.