ഓമശ്ശേരി:രാവിലെ മദ്റസയിലേക്ക് പുറപ്പെട്ട എട്ട് വയസ്സുകാരി വൈദ്യുതി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് അത്ഭുതമായി.ഓമശ്ശേരി പെരുന്തോട്ടത്തിൽ അബ്ദുൾ റഷീദ്, നാസില ദമ്പതികളുടെ മകൾ ഹാദിയ ഫാത്തിമയാണ് വഴിയിൽ പൊട്ടി വീണ് കിടന്ന വൈദ്യുതി ലൈനിൽ നിന്ന് മിനിറ്റുകളോളം ഷോക്കേറ്റു കിടന്ന ശേഷം രക്ഷപ്പെട്ടത്.
വൈദ്യുതി പ്രസരണമില്ലെന്ന ധാരണയിൽ ഇടവഴിയിൽ കണ്ട വൈദ്യുതി ലൈനിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. ഇരുകൈകളും വൈദ്യുതി ലൈനിൽ ഒട്ടിനിന്ന ഹാദിയയെ മറ്റ് കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയ പിതൃസഹോദരൻ നൗഷാദാണ് പലകയെടുത്ത് ലൈനിൽ ശക്തമായി അടിച്ചു വേർപ്പെടുത്തിയത്. കാലിനും കൈകൾക്കും പൊള്ളലേറ്റ ഹാദിയ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഓമശ്ശേരി കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിന് തൊട്ടടുത്ത് വെച്ചാണ് സംഭവം.